---
title: "പ്ലസ് വൺ സീറ്റ് :പ്രതിപക്ഷ വാദം ഏറ്റെടുത്ത് മുൻമന്ത്രി കെ കെ ശൈലജ നിയമസഭയിൽ"
english_title: "Plus one seat: Former minister KK Shailaja takes over the opposition in the assembly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1100/plus-one-seat-former-minister-kk-shailaja-takes-over-the-opposition-in-the-assembly"
published_at: "2021-10-04T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ac60d33edc_images (48).jpeg"
keywords: []
---

# പ്ലസ് വൺ സീറ്റ് :പ്രതിപക്ഷ വാദം ഏറ്റെടുത്ത് മുൻമന്ത്രി കെ കെ ശൈലജ നിയമസഭയിൽ

> **Lead Summary:** തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകൾ സംസ്ഥാനാടിസ്ഥാനത്തിലല്ല നിശ്ചയിക്കേണ്ടതെന്ന പ്രതിപക്ഷ വാദം ഏറ്റെടുത്ത് മുൻമന്ത്രി കെ കെ ശൈലജ നിയമസഭയിൽ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ശേഷമാണ് ശ്രദ്ധക്ഷണിക്കലിലാണ് കെ കെ ശൈലജ പ്ലസ് വൺ സീറ്റ് വിഷയം ഉന്നയിച്ചത്. സർക്കാർ വിഷയം ഗൗരവമായി കാണണം. സീറ്റ് ക്രമീകരണം നടത്തണം. അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ഉറപ്പാക്കണം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്. ജില്ല- സബ് ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് വിഷയം പരിഹരിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

## Article Content

തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകൾ സംസ്ഥാനാടിസ്ഥാനത്തിലല്ല നിശ്ചയിക്കേണ്ടതെന്ന പ്രതിപക്ഷ വാദം ഏറ്റെടുത്ത് മുൻമന്ത്രി കെ കെ ശൈലജ നിയമസഭയിൽ. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് ശേഷമാണ് ശ്രദ്ധക്ഷണിക്കലിലാണ് കെ കെ ശൈലജ പ്ലസ് വൺ സീറ്റ് വിഷയം ഉന്നയിച്ചത്. സർക്കാർ വിഷയം ഗൗരവമായി കാണണം. സീറ്റ് ക്രമീകരണം നടത്തണം. അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ഉറപ്പാക്കണം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാനാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്. ജില്ല- സബ് ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് വിഷയം പരിഹരിക്കണമെന്നും കെ കെ ശൈലജ പറഞ്ഞു.

പ്രതിപക്ഷവും സമാന ആവശ്യമാണ് അടിയന്തര പ്രമേയത്തിന് ആവശ്യപ്പെട്ടത്. സംസ്ഥാന അടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം പറഞ്ഞിട്ട് കാര്യമില്ല. ജില്ല അടിസ്ഥാനത്തിൽ ശാസ്ത്രിയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റ് നൽകണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ പറഞ്ഞു. അധിക ബാച്ചുകൾ അനുവദിച്ചാലേ പ്രശ്നം പരിഹരിക്കാൻ കഴിയു. സീറ്റുകൾ റീ അറേഞ്ച് ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരിന്നു.

ഇത് രണ്ടാം തവണയാണ് സഭയിൽ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ നിലപാട് കെ കെ ശൈലജ ഉന്നയിക്കുന്നത്.  നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കാര്യത്തിൽ പ്രതിപക്ഷ നിലപാടിനോട് ചേർന്ന നിലപാട് ശ്രദ്ധക്ഷണിക്കലിൽ കെ കെ ശൈലജ എടുത്തിരുന്നു.

അതേസമയം സംസ്ഥാനത്ത് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കില്ലെന്ന് നിലപാട് നിയമസഭയിൽ ആവർത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ അലോട്ട്മെൻറുകളും കഴിയുമ്പോൾ സീറ്റുകൾ അധികം വരുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്. കഷ്ടപ്പെട്ട് പഠിച്ച വിദ്യാർത്ഥികളുടെ ആശങ്ക സർക്കാർ പരിഗണിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

പ്ലസ് വൺ സീറ്റ് രണ്ടാംഘട്ട അലോട്ട്മെൻറ് കഴിഞ്ഞാലും 121000 ഓളം കുട്ടികൾക്ക് ഇഷ്ടവിഷയയോ ഇഷ്ടപ്പെട്ട സ്കൂളുകൾ ലഭിക്കില്ലെന്നാണ് അടിയന്തരപ്രമേയ നോട്ടീസിലൂടെ ഷാഫി പറമ്പിൽ പറഞ്ഞത്. പ്രവേശനത്തിൻ്റെ തോതല്ല അപേക്ഷകരുടെ എണ്ണം എടുക്കണം. അഡീഷണൽ ബാച്ചുകൾ അനിവാര്യമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു

എന്നാൽ അധിക ബാച്ചുകൾ എന്ന പ്രതിപക്ഷ ആവശ്യം വിദ്യാഭ്യാസമന്ത്രി തള്ളി. പരിപൂർണമായും അലോട്ട് മെന്റ് കഴിയുമ്പോൾ 33119 സീറ്റുകൾ ബാക്കി വരും. ഒന്നാം അലോർട്ട് മെന്റ് കഴിഞ്ഞപ്പോൾ 192951 സീറ്റുകൾ ബാക്കിയുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി. അധിക ബാച്ച് അനുവദിക്കാൻ സാമ്പത്തിക സാഹചര്യം അനുവദിക്കുന്നില്ല. അപേക്ഷിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം നൽകുമെന്നും വി ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവും രംഗത്തെത്തി. കേരളത്തിൽ രണ്ട് ലക്ഷത്തോളം വരുന്ന കുട്ടികളുടെയും അമ്മമാരുടെയും ഉത്കണ്ഠയാണ് പ്രകടിപ്പിച്ചത്. തെക്കൻ കേരളത്തിൽ പോലും എ പ്ലസ് കിട്ടിയ കുട്ടികൾക്ക് ആഗ്രഹിക്കുന്ന സീറ്റ് കിട്ടുന്നില്ല. മന്ത്രിയുടെ വിശദീകരണം കേട്ടാൽ ഇവിടെ സീറ്റ് കൂടുതലാണ് എന്നാണ്. വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെ കണ്ണീർ കാണണം. കേരളത്തിലെ മാനേജ്മെന്റ് സീറ്റുകൾക്കായി നടക്കുന്നത് കൊള്ളയാണ്. ലക്ഷങ്ങളാണ് സീറ്റുകൾക്ക് വാങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് നിഷേധാത്മകമാണ്. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. വിദ്യാഭ്യാസ മന്ത്രി പറഞ്ഞ കണക്ക് തെറ്റാണ്. ഇത്തവണ ഓപ്പൺ സ്കൂളിലേയ്ക്ക് പോകുന്നവരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ ഇരട്ടിയാകുമെന്നും പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1100/plus-one-seat-former-minister-kk-shailaja-takes-over-the-opposition-in-the-assembly)