---
title: "കൂടുതല്‍ സ്ഥലങ്ങളില്‍ എഐ ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി"
english_title: "The Chief Minister said that the matter of installing AI cameras at more places is under consideration "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110071/the-chief-minister-said-that-the-matter-of-installing-ai-cameras-at-more-places-is-under-consideration"
published_at: "2023-04-20T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644157a69e0b1_vahanam_cm.jpg"
keywords: []
---

# കൂടുതല്‍ സ്ഥലങ്ങളില്‍ എഐ ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** കൂടുതല്‍ സ്ഥലങ്ങളില്‍ എഐ ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എഐ ക്യാമറകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും മോട്ടർ വാഹന വിഭാഗവും പൊതുനിരത്തുകളിൽ നടത്തുന്ന വാഹന പരിശോധനകൾ നിയമാനുസൃതമാണങ്കിലും, അതുമായി ബന്ധപ്പെട്ട് പരാതി ഉയരുന്ന സാഹചര്യത്തിലാണ് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

## Article Content

**തിരുവനന്തപുരം:** കൂടുതല്‍ സ്ഥലങ്ങളില്‍ എഐ ക്യാമറകൾ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 എഐ ക്യാമറകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും മോട്ടർ വാഹന വിഭാഗവും പൊതുനിരത്തുകളിൽ നടത്തുന്ന വാഹന പരിശോധനകൾ നിയമാനുസൃതമാണങ്കിലും, അതുമായി ബന്ധപ്പെട്ട് പരാതി ഉയരുന്ന സാഹചര്യത്തിലാണ് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ക്യാമറകൾ സ്ഥാപിക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

‘‘പൊലീസും മോട്ടർ വാഹന വിഭാഗവും പൊതുനിരത്തുകളിൽ നടത്തുന്ന വാഹന പരിശോധനകൾ നിയമാനുസൃതമാണങ്കിലും, അത് ചില ഘട്ടങ്ങളിൽ ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് വ്യത്യസ്ത പരാതികളും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ നിരത്തുകളിലൂടെയുള്ള യാത്രകൾ സുഗമമാക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയെന്നതാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതോടെ വാഹനം തടഞ്ഞുനിർത്തിയുള്ള പരിശോധന വലിയൊരു അളവിൽ ഒഴിവാക്കാനാകും.

ആരുടെയും ജീവൻ നഷ്ടപ്പെടാതിരിക്കുക, ശാരീരിക അവശതകളിലേക്ക് പോകാതിരിക്കുക. അത്തരമൊരു സാഹചര്യം സൃഷ്ടിക്കുക. ഇതിന്റെയെല്ലാം ഭാഗമായുണ്ടാകുന്ന തീരാ ദുഃഖത്തിൽനിന്ന് മോചിതമാകുക. സേഫ് കേരള എന്ന പേരിൽ ആവിഷ്കരിച്ച പദ്ധതിയെക്കുറിച്ച് ഇതിനകം പറഞ്ഞുകഴിഞ്ഞു. അതിനായി 85 സ്ക്വാഡുകൾ 14 ജില്ലകളിലായി പ്രവർത്തിക്കുന്നുണ്ട്. 99 മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, 225 അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എന്നിങ്ങനെ രംഗത്തുണ്ട്. ഈ വിഭാഗത്തിന്റെ ചുമതല അതാത് ജില്ലകളിലെ എൻഫോഴ്സ്മെന്റ് ആർടിഒമാർക്കാണ്. സംസ്ഥാന തലത്തിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണറായിരിക്കും. റോഡ് സേഫ്റ്റി പദ്ധതി ആവിഷ്കരിച്ച ശേഷം റോഡപകടങ്ങളിൽ ചെറിയ തോതിലെങ്കിലുമുള്ള കുറവ് ഉണ്ടായിട്ടുണ്ട്.

14 ജില്ലകളിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. തലസ്ഥാനത്തു് മാസ്റ്റർ കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ദേശീയ, സംസ്ഥാന പാതകളിലും ജില്ലാ റോഡുകളിലും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് ഇപ്പോൾ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. മറ്റു ഭാഗങ്ങളിൽക്കൂടി വരും വർഷങ്ങളിൽ ഈ ക്യാമറകൾ സ്ഥാപിക്കുന്നതും പരിഗണനയിലാണ്. ഇതിനു പുറമെ പുതിയ ഡ്രൈവിങ്ങ് ലൈസന്‍സുകള്‍ രാജ്യാന്തര നിലവാരത്തിലാക്കും. യുവാക്കള്‍ക്ക് ആധികാരിക രേഖയായി ഇത് ഉയോഗിക്കാനാകും. അടുത്ത മാസം ആര്‍സി ബുക്കും സ്മാര്‍ട് കാര്‍ഡാക്കും’ – മുഖ്യമന്ത്രി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110071/the-chief-minister-said-that-the-matter-of-installing-ai-cameras-at-more-places-is-under-consideration)