---
title: "അരവഞ്ചാൽ-കാഞ്ഞിരപ്പൊയിൽ-കോട്ടോൽ-ഉദയംകുന്ന് റോഡ് പണി അനിശ്ചിതത്വത്തിൽ"
english_title: "Road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110105/road"
published_at: "2023-04-21T06:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6441e6484ece1_IMG-20230421-WA0009.jpg"
keywords: []
---

# അരവഞ്ചാൽ-കാഞ്ഞിരപ്പൊയിൽ-കോട്ടോൽ-ഉദയംകുന്ന് റോഡ് പണി അനിശ്ചിതത്വത്തിൽ

> **Lead Summary:** **അരവഞ്ചാൽ : **അരവഞ്ചാൽ-കാഞ്ഞിരപ്പൊയിൽ-കോട്ടോൽ-ഉദയംകുന്ന് റോഡ് പണി അനിശ്ചിതത്വത്തിൽ. ടാറിടലിലെ സാങ്കേതിക തർക്കമാണ് ഇതിനുകാരണം. നിലവിലുണ്ടായിരുന്ന റോഡ് വെട്ടിപ്പൊളിച്ചതിനാൽ വാഹന ഗതാഗതം നിലച്ചിട്ട് നാളുകളേറെയായി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലാണ് ആറുകിലോമീറ്റർ റോഡിന്റെ നിർമാണം തുടങ്ങിയത്. 2022 ഡിസംബർ 31-ന് പൂർത്തീകരിക്കേണ്ടതായിരുന്നു. നാളിതുവരെയായിട്ട് 100 മീറ്ററാണ് ടാർചെയ്തത്. ടാറിങ്ങിലെ സാങ്കേതികതപ്രശ്നം മൂലം പണി തുടരാൻ സാധിക്കാതെ വന്നു. പശയുപയോഗിച്ച്‌ പരീക്ഷണാടിസ്ഥാനത്തിലാണ് 100 മീറ്ററോളം ടാറിട്ടത്.

## Article Content

**അരവഞ്ചാൽ : **അരവഞ്ചാൽ-കാഞ്ഞിരപ്പൊയിൽ-കോട്ടോൽ-ഉദയംകുന്ന് റോഡ് പണി അനിശ്ചിതത്വത്തിൽ. ടാറിടലിലെ സാങ്കേതിക തർക്കമാണ് ഇതിനുകാരണം. നിലവിലുണ്ടായിരുന്ന റോഡ് വെട്ടിപ്പൊളിച്ചതിനാൽ വാഹന ഗതാഗതം നിലച്ചിട്ട് നാളുകളേറെയായി. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിലാണ് ആറുകിലോമീറ്റർ റോഡിന്റെ നിർമാണം തുടങ്ങിയത്. 2022 ഡിസംബർ 31-ന് പൂർത്തീകരിക്കേണ്ടതായിരുന്നു. നാളിതുവരെയായിട്ട് 100 മീറ്ററാണ് ടാർചെയ്തത്. ടാറിങ്ങിലെ സാങ്കേതികതപ്രശ്നം മൂലം പണി തുടരാൻ സാധിക്കാതെ വന്നു. പശയുപയോഗിച്ച്‌ പരീക്ഷണാടിസ്ഥാനത്തിലാണ് 100 മീറ്ററോളം ടാറിട്ടത്.

ഈ രീതി പ്രദേശത്തിന് യോജിച്ചതല്ലെന്ന് തുടക്കത്തിൽത്തന്നെ അഭിപ്രായമുയർന്നിരുന്നു. മഴയെത്തുന്നതോടെ രണ്ട് പഞ്ചായത്തുകളിലുള്ളവർക്ക് പുറം ലോകത്ത് എത്താൻ സാധിക്കാത്ത അവസ്ഥയാണ്‌ റോഡുപണി നീളുന്നതിലൂടെ ഉണ്ടാകുക. പഴയ രീതിയിലുള്ള ടാറിങ്ങിന്‌ വകുപ്പ് അനുവദിക്കുന്നില്ലെന്നും പറയുന്നുണ്ട്. അരവഞ്ചാൽ, കാഞ്ഞിരപ്പൊയിൽ, കൂവപ്പൊയിൽ, കോട്ടോൽ, മീശമുക്ക്, ഉദയംകുന്ന്, ചട്ട്യോൾ പ്രദേശത്തുള്ളവർക്ക് റോഡ് കിളച്ചിട്ടതിനാൽ യാത്രചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയിലാണ്. റോഡിൽ മുക്കാൽഭാഗവും വലിയ കരിങ്കല്ല് നിരത്തിയിരിക്കുകയാണ്‌. ബാക്കി സ്ഥലത്ത്‌ പൊടിമണ്ണുമാണ്‌. രോഗികളെ ആശുപത്രിയിലെത്തിക്കാൻപോലും സാധ്യമല്ലാത്ത അവസ്ഥയാണ്‌. വകുപ്പിന്റെ നിർദേശത്തെത്തുടർന്ന്‌ കഴിഞ്ഞദിവസം പുതിയ രീതിയിലുള്ള ടാറിങ്‌ വീണ്ടും 150 മീറ്ററോളം ചെയ്തിട്ടുണ്ട്. എമൽഷൻ ഉപയോഗിച്ച് മൂന്നുപാളി അടിസ്ഥാനത്തിലാണ് ടാറിങ്‌ നടത്തിയത്. ഒരാഴ്ച കഴിഞ്ഞാൽ മാത്രമേ ഇത് വിജയകരമാണോയെന്നറിയൂ. പുതിയ രീതി വിലയിരുത്താനും നിർദേശം നൽകാനുമുള്ള സാങ്കേതിക വിദഗ്ധരുടെ കുറവും പണിയുടെ വേഗം കുറയാൻ കാരണമാണ്. പണി തുടങ്ങിയിട്ട് ഒരുവർഷം പിന്നിട്ടു പണി നിർത്തിയതിൽ പ്രതിഷേധം:ടാറിങ്ങിലെ മെല്ലെപ്പോക്കും ചിലയിടങ്ങളിൽ പണി നിർത്തിയതും ജനകീയപ്രതിഷേധത്തിന് കാരണമായി. സംഭവസ്ഥലത്ത് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യും പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡൻറ് വി.എം.ഉണ്ണികൃഷ്ണനും സന്ദർശിച്ചു. പുതിയ രീതിയിലുള്ള ടാറിങ്‌ വിജയമാണെങ്കിൽ പണി വേഗം പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110105/road)