---
title: "യാത്രക്കാർക്ക് ദുരിതമായി ബസ്സുകളുടെ 'ഞായറാഴ്ച മുടക്കം'"
english_title: "'Sunday suspension' of buses due to distress to passengers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11017/sunday-suspension-of-buses-due-to-distress-to-passengers"
published_at: "2021-11-16T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61934cbaf217a_PicsArt_11-16-11.45.51.jpg"
keywords: []
---

# യാത്രക്കാർക്ക് ദുരിതമായി ബസ്സുകളുടെ 'ഞായറാഴ്ച മുടക്കം'

> **Lead Summary:** പേരാവൂർ: സ്വകാര്യ ബസ്സുകൾ ഞായറാഴ്ചകളിൽ സർവീസ് നിർത്തി വെക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. മലയോര മേഖലയിൽ ഉൾപ്പടെയുള്ള യാത്രക്കാരാണ് കടുത്ത ദുരിതം നേരിടുന്നത്. ഭൂരിഭാഗം ബസ്സുകളും ഞായറാഴ്ച ട്രിപ്പ് മുടക്കുകയാണ്. സ്വന്തമായി ഇരുചക്ര വാഹനമെങ്കിലും ഇല്ലാത്തവർ അത്യാവശ്യത്തിന് പോലും ഞായറാഴ്ച പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായി.

## Article Content

പേരാവൂർ: സ്വകാര്യ ബസ്സുകൾ ഞായറാഴ്ചകളിൽ സർവീസ് നിർത്തി വെക്കുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. മലയോര മേഖലയിൽ ഉൾപ്പടെയുള്ള യാത്രക്കാരാണ് കടുത്ത ദുരിതം നേരിടുന്നത്. ഭൂരിഭാഗം ബസ്സുകളും ഞായറാഴ്ച ട്രിപ്പ് മുടക്കുകയാണ്. സ്വന്തമായി ഇരുചക്ര വാഹനമെങ്കിലും ഇല്ലാത്തവർ അത്യാവശ്യത്തിന് പോലും ഞായറാഴ്ച പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായി.

ഞായറാഴ്ചകളിൽ വിവിധ ആവശ്യങ്ങൾക്കായി പോകേണ്ടവർ മണിക്കൂറുകളോളം ബസ്സിന് കാത്തു നിൽക്കേണ്ട അവസ്ഥയിലാണ്. കോവിഡ് ലോക്ക് ഡൗണിന് ശേഷം സർവീസ് പുനരാരംഭിച്ച സ്വകാര്യ ബസ്സുകളിൽ ആദ്യ ഘട്ടത്തിൽ ആളുകൾ കുറവായിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. യാത്രക്കാർ ബസ്സുകളെ ആശ്രയിക്കാൻ തുടങ്ങി.

ഇന്ധന വില വർധനയും മറ്റും ബസ്സുടമകളെ വലയ്ക്കുന്നു എന്നതും യാഥാർഥ്യമാണ്. ഈ സാഹചര്യത്തിൽ മിനിമം ചാർജ് വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള ബസുടമകളുടെ ആവശ്യത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഞായറാഴ്ചത്തെ ട്രിപ്പ് മുടക്കം ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വൈകുന്നേരങ്ങളിലും ചില റൂട്ടുകളിലേക്ക് ബസ്സുകൾ ട്രിപ്പ് മുടക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു.

ഞായറാഴ്ച സർവീസ് നടത്തുന്നത് വലിയ നഷ്ടമാണെന്നും ഇന്ധന ചാർജ് പോലും കിട്ടില്ലെന്നുമാണ് ബസ്സുടമകളും ജീവനക്കാരും പറയുന്നത്. എന്നാൽ സ്ഥിരമായി ട്രിപ്പ് മുടക്കിയാൽ ജനങ്ങൾ പുറത്തിറങ്ങുമോ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. ചില റൂട്ടുകളിൽ കെ എസ് ആർ ടി സി സർവീസുള്ളതാണ് യാത്രക്കാർക്ക് ആശ്വാസം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11017/sunday-suspension-of-buses-due-to-distress-to-passengers)