---
title: "പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ 3 ശ്രീകോവിലുകൾ പൊന്നിൽ പൊതിയാനായി ഉപയോഗിച്ചത് 18 കിലോ സ്വർണം."
english_title: "18 kg of gold was used to gild the 3 shrines in Poonkunnam Seetharamaswamy temple. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110592/18-kg-of-gold-was-used-to-gild-the-3-shrines-in-poonkunnam-seetharamaswamy-temple"
published_at: "2023-04-23T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445587c06ce3_xfgcb.jpg"
keywords: []
---

# പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ 3 ശ്രീകോവിലുകൾ പൊന്നിൽ പൊതിയാനായി ഉപയോഗിച്ചത് 18 കിലോ സ്വർണം.

> **Lead Summary:** **തൃശൂർ : **പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ 3 ശ്രീകോവിലുകൾ പൊന്നിൽ പൊതിയാനായി ഉപയോഗിച്ചത് 18 കിലോ സ്വർണം. ക്ഷേത്രത്തിലെ സീതാരാമസ്വാമി ശ്രീകോവിൽ, ശിവക്ഷേത്രത്തിലെ ശ്രീകോവിൽ, അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിൽ എന്നിവയാണു സ്വർണത്തിൽ പൊതിഞ്ഞത്.

## Article Content

**തൃശൂർ : **പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ 3 ശ്രീകോവിലുകൾ പൊന്നിൽ പൊതിയാനായി ഉപയോഗിച്ചത് 18 കിലോ സ്വർണം. ക്ഷേത്രത്തിലെ സീതാരാമസ്വാമി ശ്രീകോവിൽ, ശിവക്ഷേത്രത്തിലെ ശ്രീകോവിൽ, അയ്യപ്പ ക്ഷേത്രത്തിലെ ശ്രീകോവിൽ എന്നിവയാണു സ്വർണത്തിൽ പൊതിഞ്ഞത്.

24 കാരറ്റ് സ്വർണമാണ് ഇതിനായി ഉപയോഗിച്ചത്. സ്വർണം സമർപ്പിച്ച കല്യാൺ ജ്വല്ലേഴ്സ് എംഡി ടി.എസ്. കല്യാണരാമൻ തന്നെയാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമർപ്പണച്ചടങ്ങിൽ പങ്കെടുപ്പിക്കാനുള്ള ഉദ്യമവും ഏറ്റെടുത്തത്. സ്വർണ ശ്രീകോവിലുകളുടെ വൈദിക സമർപ്പണം ഇന്നു നടക്കും. ടി.എസ്. കല്യാണരാമൻ സമർപ്പണം നിർവഹിക്കും. സ്വർണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകത സീതാരാമസ്വാമി ക്ഷേത്രത്തിനു സ്വന്തമാണ്. കല്യാൺ ജ്വല്ലേഴ്സ് ആണു സ്വർണരഥം സമ്മാനിച്ചത്. ശ്രീരാമനെയും സീതയെയും ഒരേ ശ്രീകോവിൽ പ്രതിഷ്ഠിച്ചു എന്ന സവിശേഷതയുമുണ്ട്. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ പ്രതിമയുള്ള ക്ഷേത്രമെന്ന ബഹുമതിയും കൂടി തേടിയെത്തിയതോടെ ക്ഷേത്രത്തിന്റെ പ്രാധാന്യം വർധിച്ചു.

ജില്ലയിൽ രഥോത്സവം നടക്കുന്ന ഏക ക്ഷേത്രവും ഇതു തന്നെ. ടി.എസ്. കല്യാണരാമൻ, ടി.എസ്. പട്ടാഭിരാമൻ, ടി.എസ്. രാമകൃഷ്ണൻ, മൂർത്തി തുടങ്ങിയവർ ഉൾപ്പെടെ വലിയൊരു സംഘത്തിന്റെ അധ്വാനമാണു ക്ഷേത്രത്തിനു സമീപകാലത്തായി കൈവന്ന ഉയർച്ചയ്ക്കു പിന്നിൽ. വസന്തകാല സംഗീതോത്സവം, ഭജനോത്സവം തുടങ്ങിയ പരിപാടികൾ തിരിച്ചെത്തി. ക്ഷേത്രമൊരു സാംസ്കാരിക കേന്ദ്രം കൂടിയായി. പ്രധാനമന്ത്രി നേരിട്ടെത്തി സമർപ്പണം നടത്തുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അഗ്രഹാരത്തിലെ വീതി കുറഞ്ഞ പാതകളും ഉയർന്ന കെട്ടിടങ്ങളും മതിയായ സുരക്ഷ ഒരുക്കാൻ തടസ്സമായി. സുരക്ഷാ സംഘം പലവട്ടമെത്തി പരിശോധന നടത്തിയ ശേഷമാണു പിന്മാറിയത്. 27നു ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകം നടക്കും. ഇതിനു മുന്നോടിയായി വൈദിക ചടങ്ങുകൾ തുടങ്ങി.

ശിവക്ഷേത്രത്തിൽ കർപ്പൂരാദി കലശവും 27നു നടക്കും. സാംസ്കാരിക പരിപാടികളും ഒരുക്കി. കുംഭാഭിഷേകത്തിന്റെ ഭാഗമായി 20 കോടിയോളം രൂപ ചെലവിൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. 500 ചതുരശ്രയടിയിൽ ശ്ര‍ീരാമജനനം മുതൽ പട്ടാഭിഷേകം വരെയുള്ള ചുമർചിത്രം തയാറാക്കി. നടപ്പാത വീതി കൂട്ടൽ, മണ്ഡപം പുനർനിർമാണം എന്നിവയും നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110592/18-kg-of-gold-was-used-to-gild-the-3-shrines-in-poonkunnam-seetharamaswamy-temple)