---
title: "നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി."
english_title: "Supreme Court asks governors to take swift decision on bills passed by legislatures. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110769/supreme-court-asks-governors-to-take-swift-decision-on-bills-passed-by-legislatures"
published_at: "2023-04-24T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64469df121bd1_gcvbcv.jpg"
keywords: []
---

# നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി.

> **Lead Summary:** **ന്യൂഡല്‍ഹി: **നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദം അതാണ് ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

## Article Content

**ന്യൂഡല്‍ഹി: **നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍മാര്‍ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 200-ാം അനുച്ഛേദം അതാണ് ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ച് തെലങ്കാന സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകളിലെല്ലാം ഒപ്പുവെച്ചെന്ന് ഗവര്‍ണര്‍ അറിയിച്ച സാഹചര്യത്തില്‍ ഹര്‍ജി സുപ്രീം കോടതി തീര്‍പ്പാക്കി. മിക്ക സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുകയാണെന്ന് തെലങ്കാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി.

അതിനാല്‍ ഈ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നും ദാവെ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു. എല്ലാ സംസ്ഥാനങ്ങളിലെയും വിഷയം ഒരുപോലെ കാണാനാകില്ലെന്ന് തുഷാര്‍ മേത്ത വാദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110769/supreme-court-asks-governors-to-take-swift-decision-on-bills-passed-by-legislatures)