---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടപ്രകാരം"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110809/kottiyoor"
published_at: "2023-04-25T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64473d671d703_download_-_2023-04-25T080758.181.jpeg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടപ്രകാരം

> **Lead Summary:** **കണ്ണൂർ**: ജൂൺ 1 മുതൽ 28 വരെ നടക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം പൂർണമായും ഹരിത ചട്ടമനുസരിച്ചു സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും യോഗത്തിൽ തീരുമാനമായി. കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി.

## Article Content

**കണ്ണൂർ**: ജൂൺ 1 മുതൽ 28 വരെ നടക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം പൂർണമായും ഹരിത ചട്ടമനുസരിച്ചു സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയും യോഗത്തിൽ തീരുമാനമായി. കലക്ടർ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തി.

ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറെ നിയമിക്കാൻ തഹസിൽദാരെ ചുമതലപ്പെടുത്തി. ഹരിത കർമസേനയക്കു നൽകാനുള്ള വേതന കുടിശിക ഉത്സവത്തിന് മുൻപു കൊടുക്കുമെന്ന് ദേവസ്വം ഉദ്യോഗസ്ഥർ അറിയിച്ചു. കച്ചവടക്കാരുമായുള്ള കരാറിൽ മാലിന്യ നിർമാർജന നിബന്ധനകൾ ഉൾപ്പെടുത്തും. അക്കരെ കൊട്ടിയൂരിനൊപ്പം ഇക്കരെ കൊട്ടിയൂരിലും അന്നദാനം ഏർപ്പെടുത്തും. വഴിപാടുകൾക്കും പ്രസാദ വിതരണത്തിനുമായി അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ, നടുക്കുനി, കിഴക്കേ നട, മന്ദംചേരി എന്നിവിടങ്ങളിൽ കൂടുതൽ കൗണ്ടറുകൾ തുറക്കും. പാമ്പറപ്പാനിലെയും ദേവസ്വം ഓഫിസിന് പിന്നിലെയും പാർക്കിങ് യാർഡുകളും വിപുലീകരിക്കും. കുടിവെള്ള വിതരണത്തിനായി ദേവസ്വത്തിന്റെ 8 കിണറുകൾ ഉപയോഗപ്പെടുത്തും. സ്നാനഘട്ടം കിണർ ആഴം കൂട്ടി ജലലഭ്യത ഉറപ്പാക്കി. ടാങ്ക് വൃത്തിയാക്കൽ, ക്ലോറിനേഷൻ എന്നിവ പൂർത്തീകരിച്ചു. കൂടുതൽ താമസ സൗകര്യങ്ങളും ഒരുക്കി. ഭക്തജന സൂരക്ഷയ്ക്കായി 100 വിമുക്തഭടന്മാർ ഉൾപ്പെടെ 400 വൊളന്റിയർമാരെ നിയോഗിക്കും. പുതുതായി 25 ശുചിമുറികൾ നിർമിച്ചു. തീർഥാടകരുടെ ആരോഗ്യപരി പാലനത്തിനായി കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെയും ജീവനക്കാരുടെയും സേവനം ഉറപ്പാക്കാനും കിഴക്കേനടയിലെ ആരോഗ്യ ക്ലിനിക്കിനൊപ്പം പടിഞ്ഞാറേനടയിലും ഡോക്ടറുടെ സേവനം ഉറപ്പാക്കാനും ഡിഎംഒയ്ക്ക് നിർദേശം നൽകി. ഉത്സവ നഗരിക്കും ഒരു കിലോമീറ്റർ ചുറ്റളവിലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി.

അക്കരെ കൊട്ടിയൂരിലും ഇക്കരെ കൊട്ടിയൂരിലുമായി നാൽപതിലേറെ അഗ്നിശമിനികൾ സ്ഥാപിക്കും. ഉത്സവകാലത്ത് കെഎസ്ആർ ടിസി പ്രത്യേക സർവീസ് നടത്തും. കൂടുതൽ വനിതാ പൊലീസ് ഓഫിസർമാരെ നിയോഗിക്കും. എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ പരിശോധനകൾ കർശനമാക്കും. വൈദ്യുതി വിതരണം സുഗമമാക്കാൻ കെഎസ്ഇബി അധിക ജീവനക്കാരെ നിയോഗിക്കും. ക്ഷേത്രനഗരി യാചക നിരോധിത മേഖലയായി പ്രഖ്യാപിക്കാനും ധാരണയായി. കൊട്ടിയൂർ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ ഷാജി പൊട്ടയിൽ, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി.സുബ്രഹ്മണ്യൻ നായർ, ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എൻ.കെ.ബൈജു, എക്സിക്യൂട്ടീവ് ഓഫിസർ കെ.നാരായണൻ, ട്രസ്റ്റിമാരായ എൻ.പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, എഡിഎം കെ.കെ.ദിവാകരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110809/kottiyoor)