---
title: "രാജ്യത്തെ ആദ്യ ജലമെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു"
english_title: "Prime Minister inaugurated the country's first water metro"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/110882/prime-minister-inaugurated-the-countrys-first-water-metro"
published_at: "2023-04-25T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644788c76a18e_Screenshot_2023-04-25-13-21-28-03_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# രാജ്യത്തെ ആദ്യ ജലമെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊച്ചി**: രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. കൊച്ചിയുടെ വികസനത്തിന് കുതിപ്പേകുന്നതാണ് വാട്ടര്‍ മെട്രോ. വൈറ്റില-കാക്കനാട് റൂട്ടിലുള്ള സര്‍വീസ് ഏപ്രില്‍ 27 ന് ആരംഭിക്കും. പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തുമെന്നാണ് മന്ത്രി പി.രാജീവ് അറിയിച്ചത്.

## Article Content

**കൊച്ചി**: രാജ്യത്തെ ആദ്യ ജലമെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. കൊച്ചിയുടെ വികസനത്തിന് കുതിപ്പേകുന്നതാണ് വാട്ടര്‍ മെട്രോ. വൈറ്റില-കാക്കനാട് റൂട്ടിലുള്ള സര്‍വീസ് ഏപ്രില്‍ 27 ന് ആരംഭിക്കും. പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തുമെന്നാണ് മന്ത്രി പി.രാജീവ് അറിയിച്ചത്.

നൂറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് വാട്ടര്‍ മെട്രോയുടെ ഭാഗമായുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും ബോട്ടുമായി ഒരേ ലെവലില്‍ നില്‍ക്കാനാകുന്ന ഫ്‌ളോട്ടിങ് ജട്ടികളും യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാന്‍ പാസഞ്ചര്‍ കണ്‍ട്രോളിങ് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.

പദ്ധതി പൂര്‍ണമായും പൂര്‍ത്തിയാകുന്നതോടെ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തും. മലിനീകരണം കുറക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ കുറഞ്ഞ യാത്രാനിരക്കും വാട്ടര്‍മെട്രോയുടെ പ്രത്യേകതയാണ്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ് വരുന്നത്. ഹൈക്കോര്‍ട്ട്വൈപ്പിന്‍ 20 രൂപയും വൈറ്റിലകാക്കനാട് 30 രൂപയുമാണ്.

ആഴ്ചതോറുമുള്ള പാസിന് 180 രൂപയും മാസംതോറും പാസിന് 600 രൂപയും ത്രൈമാസ പാസിന് 1500 രൂപയുമാണ്. ടെര്‍മിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍നിന്ന് ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് വാട്ടര്‍ മെട്രോയിലും യാത്രചെയ്യാം. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും യാത്രചെയ്യാന്‍ സാധിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/110882/prime-minister-inaugurated-the-countrys-first-water-metro)