---
title: "റോഡ് സൗന്ദര്യവത്കരണത്തിന്റെ നിർമാണപ്രവൃത്തി നീളുന്നു."
english_title: "The road beautification work is progressing. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111361/the-road-beautification-work-is-progressing"
published_at: "2023-04-27T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a9743422d1_xfxgxcvbx.jpg"
keywords: []
---

# റോഡ് സൗന്ദര്യവത്കരണത്തിന്റെ നിർമാണപ്രവൃത്തി നീളുന്നു.

> **Lead Summary:** **തലശ്ശേരി :** തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ റോഡ് സൗന്ദര്യവത്കരണത്തിന്റെ നിർമാണപ്രവൃത്തി നീളുന്നു. കോൺക്രീറ്റ് പൂർത്തിയായ റോഡ് വാഹനങ്ങൾക്ക് തുറന്നുകൊടുത്തു. എന്നാൽ, നടപ്പാതയുടെ നിർമാണം ഉൾപ്പെടെ തുടങ്ങിയില്ല. നടപ്പാത ഇല്ലാത്തതിനാൽ റോഡരികിലൂടെയുള്ള നടത്തം ബുദ്ധിമുട്ടാകുകയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ നടപ്പാതയ്ക്കായെടുത്ത കുഴിയിൽ യാത്രക്കാർ വീഴും. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന ബസ് യാത്രക്കാർ പഴയ ബസ്‌സ്റ്റാൻഡിൽ ബസിറങ്ങി റോഡിലൂടെ തന്നെ മുന്നോട്ടുനടക്കുകയാണ്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു.

## Article Content

**തലശ്ശേരി :** തലശ്ശേരി പഴയ ബസ്‌സ്റ്റാൻഡിൽ റോഡ് സൗന്ദര്യവത്കരണത്തിന്റെ നിർമാണപ്രവൃത്തി നീളുന്നു. കോൺക്രീറ്റ് പൂർത്തിയായ റോഡ് വാഹനങ്ങൾക്ക് തുറന്നുകൊടുത്തു. എന്നാൽ, നടപ്പാതയുടെ നിർമാണം ഉൾപ്പെടെ തുടങ്ങിയില്ല. നടപ്പാത ഇല്ലാത്തതിനാൽ റോഡരികിലൂടെയുള്ള നടത്തം ബുദ്ധിമുട്ടാകുകയാണ്. ശ്രദ്ധിച്ചില്ലെങ്കിൽ നടപ്പാതയ്ക്കായെടുത്ത കുഴിയിൽ യാത്രക്കാർ വീഴും. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന ബസ് യാത്രക്കാർ പഴയ ബസ്‌സ്റ്റാൻഡിൽ ബസിറങ്ങി റോഡിലൂടെ തന്നെ മുന്നോട്ടുനടക്കുകയാണ്. ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു.

കഴിഞ്ഞദിവസം ബസിറങ്ങി റോഡിലൂടെ നടക്കുകയായിരുന്ന യാത്രക്കാരന് ബസിടിച്ചു. റോഡിൽ വീണ ഇദ്ദേഹത്തിന്റെ കൈക്കും കാലിനും പരിക്കേറ്റു. തലശ്ശേരിയിൽ കടയിലെ ജീവനക്കാരനാണ് പരിക്കേറ്റത്. നടപ്പാത ഇല്ലാത്തതിനാലാണ് റോഡിലൂടെ നടന്നതെന്ന് പരിക്കേറ്റയാൾ പറഞ്ഞു. റോഡ് കോൺക്രീറ്റിനുശേഷം എം.ജി. റോഡ്, ആസ്പത്രി റോഡ് എന്നിവ തുറന്നുകൊടുക്കാൻ വൈകിയത് പരാതിക്കിടയാക്കിയിരുന്നു. റോഡ് കോൺക്രീറ്റ് ചെയ്തശേഷം നിർമാണമൊന്നും നടന്നിട്ടില്ല.

തുറമുഖവകുപ്പിന്റെ രണ്ടരക്കോടി രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. നഗരസഭ ഒരുകോടിയേലേറെ രൂപ വിനിയോഗിച്ച് റോഡിനിരുവശവും ഓവുചാൽ നിർമിച്ചു. മഴയ്ക്ക് മുന്നേ നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ കാൽനടയാത്ര ബുദ്ധിമുട്ടാകും. മഴപെയ്താൽ നടപ്പാതയിലെ കുഴിയും റോഡും തിരിച്ചറിയാൻ കഴിയില്ല.

റോഡ് കോൺക്രീറ്റ്, ഓവുചാൽ നിർമാണം എന്നിവ നടത്തിയതിനുശേഷമുള്ള 80 ലക്ഷം രൂപ ഉപയോഗിച്ചാണ് നടപ്പാതയുടെ നിർമാണം നടത്തുക. അതിനുശേഷം നഗരസഭ സൗന്ദര്യവത്കരണത്തിനായി ഇത്തവണ പദ്ധതിയിൽ നീക്കിവെച്ച 1.06 കോടി രൂപ വിനിയോഗിച്ച് നിർമാണപ്രവൃത്തി നടത്തും.

സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ അലങ്കാരവിളക്ക് ഉൾപ്പെടെ സ്ഥാപിച്ച് സൗന്ദര്യവത്കരിക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111361/the-road-beautification-work-is-progressing)