---
title: "വീണ്ടും ആഡംബര കപ്പൽ യാത്രയുമായി കെഎസ്ആർടിസി"
english_title: "K S R T C"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111448/k-s-r-t-c"
published_at: "2023-04-28T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644b6c2976bd2_63ff19f990d26_march8.jpg"
keywords: []
---

# വീണ്ടും ആഡംബര കപ്പൽ യാത്രയുമായി കെഎസ്ആർടിസി

> **Lead Summary:** **കൽപ്പറ്റ**: വീണ്ടും ആഡംബര കപ്പൽ യാത്രയുമായി കെഎസ്ആർടിസി. വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കൊച്ചിയിലേക്ക് നടത്തിയ ആഡംബര കപ്പൽ യാത്രയുടെ വലിയ വിജയമാണ് വീണ്ടും ആഡംബര യാത്ര നടത്താൻ പ്രചോദനമായത്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് യാത്ര ഒരുക്കുന്നത്.

## Article Content

**കൽപ്പറ്റ**: വീണ്ടും ആഡംബര കപ്പൽ യാത്രയുമായി കെഎസ്ആർടിസി. വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കൊച്ചിയിലേക്ക് നടത്തിയ ആഡംബര കപ്പൽ യാത്രയുടെ വലിയ വിജയമാണ് വീണ്ടും ആഡംബര യാത്ര നടത്താൻ പ്രചോദനമായത്. കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിലാണ് യാത്ര ഒരുക്കുന്നത്.

ഇത്തവണ ആനവണ്ടിയിലെ ത്രില്ലടിച്ച യാത്രക്ക് എല്ലാവർക്കും അവസരമുണ്ട്. മെയ് പതിനേഴിനാണ് യാത്ര. ആഡംബര ക്രൂയിസ് നെഫർറ്റിറ്റിയിൽ അഞ്ച് മണിക്കൂർ സമയമാണ് ആഘോഷിക്കാനാവുക. പുലർച്ചെ 3.30ന് ബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽനിന്നാണ് യാത്ര ആരംഭിക്കുക. ഡിപ്പോയിൽ എത്താൻ സാധിക്കാത്തവർക്ക്  ബസ് പോകുന്ന റൂട്ടിൽ നിന്നും യാത്രക്കൊപ്പം ചേരാം. ഇക്കാര്യം മുൻകൂട്ടി അറിയിക്കണം. എറണാകുളത്തെത്തിയ ശേഷം വൈകിട്ട് ആഡംബര കപ്പൽ യാത്ര ആരംഭിക്കും.

രസകരമായ ഗെയിമുകൾ, തത്സമയ സംഗീതം, നൃത്തം, ബുഫെ ഡിന്നർ, മ്യൂസിക് വിത്ത് അപ്പർഡെക് ഡിജെ, വിഷ്വലൈസിങ് എഫക്ട്, തിയേറ്റർ തുടങ്ങിയ സംവിധാനങ്ങളെല്ലാം ആഡംബര കപ്പലിൽ ഉണ്ടാകും. രാത്രിയോടെ തിരിച്ച് അടുത്ത ദിവസം രാവിലെ ബത്തേരിയിൽ തിരിച്ചെത്തും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് യാത്രയിൽ പങ്കെടുക്കാൻ അവസരം. രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു.

കെഎസ്ആർടിസിയിലെ ഉല്ലാസയാത്രകൾക്ക് സ്വീകാര്യത ലഭിച്ചതിന് പിന്നാലെയാണ് ജില്ലയിൽ കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ വിവിധ യാത്രകൾ ഒരുക്കുന്നത്. യാത്രയിലൂടെ കൂട്ടായ്മ ഒരുക്കുകയാണ് ലക്ഷ്യം.  കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ഫോൺ: 9895937213.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111448/k-s-r-t-c)