---
title: "ഇന്ധനവിൽപന മേഖലയിൽ ചുവടുറപ്പിച്ച് കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്."
english_title: "KSRTC Yatra Fuels has established a foothold in the fuel sales sector. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/111708/ksrtc-yatra-fuels-has-established-a-foothold-in-the-fuel-sales-sector"
published_at: "2023-04-29T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644d3b0ba4b4c_bgcvhvjnv.jpg"
keywords: []
---

# ഇന്ധനവിൽപന മേഖലയിൽ ചുവടുറപ്പിച്ച് കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്.

> **Lead Summary:** **തിരുവനന്തപുരം:** ​ഇന്ധനവിൽപന മേഖലയിൽ ചുവടുറപ്പിച്ച് കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്. വിവിധ ഡിപ്പോകൾക്ക്​ അനുബന്ധമായി പ്രവർത്തിക്കുന്ന യാത്രാ ഫ്യുവൽസ് ഔട്ട്​ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപയാണ്​. കെ.എസ്​.ആർ.ടി.സി ബസുകൾക്ക്​ പുറമേ സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം നൽകിയാണ്​ ഈ മികവ്​ സ്വന്തമാക്കിയത്​.

## Article Content

**തിരുവനന്തപുരം:** ​ഇന്ധനവിൽപന മേഖലയിൽ ചുവടുറപ്പിച്ച് കെ.എസ്.ആർ.ടി.സി യാത്രാ ഫ്യുവൽസ്. വിവിധ ഡിപ്പോകൾക്ക്​ അനുബന്ധമായി പ്രവർത്തിക്കുന്ന യാത്രാ ഫ്യുവൽസ് ഔട്ട്​ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപയാണ്​. കെ.എസ്​.ആർ.ടി.സി ബസുകൾക്ക്​ പുറമേ സ്വകാര്യ വാഹനങ്ങൾക്കും ഇന്ധനം നൽകിയാണ്​ ഈ മികവ്​ സ്വന്തമാക്കിയത്​.

ഇതിൽ 25.53 കോടി രൂപ കമീഷൻ ഇനത്തിൽ കെ.എസ്.ആർ.ടി.സിക്ക്​ ലഭിച്ചു. പൊതുജനങ്ങൾക്ക് ഇന്ധനം നൽകിയതുവഴി മാത്രം 163 കോടി രൂപ വിറ്റുവരവുണ്ടായി. ഇതിൽനിന്ന് 4.81 കോടി രൂപയാണ്​ കമീഷൻ ലഭിച്ചത്.

2022 ഏപ്രിൽ മുതൽ ഡീസൽ വിലവർധന കാരണം ഉണ്ടാകുമായിരുന്ന 162 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാനും യാത്രാ ഫ്യൂവൽസ് ഔട്ട്​ലെറ്റുൾക്കായി. 2021 സെപ്​റ്റംബറിലാണ് ആദ്യ യാത്രാ ഫ്യുവൽസ് ഔട്ട്​ലെറ്റ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ പ്രവർത്തനമാരംഭിച്ചത്. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 ഔട്ട്​ലെറ്റുകളുണ്ട്​.

ചേർത്തല, കോഴിക്കോട്, ചടയമംഗലം, ചാലക്കുടി, മൂന്നാർ, കിളിമാനൂർ, മൂവാറ്റുപുഴ, നോർത്ത് പറവൂർ, മാവേലിക്കര, തൃശൂർ, ഗുരുവായൂർ, തിരുവനന്തപുരം വികാസ് ഭവൻ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്​ലെറ്റുകൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/111708/ksrtc-yatra-fuels-has-established-a-foothold-in-the-fuel-sales-sector)