---
title: "സംസ്ഥാനത്ത് അവശ്യസാധന വില കുതിക്കുന്നു"
english_title: "Commodity prices are soaring "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11204/commodity-prices-are-soaring"
published_at: "2021-11-17T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619490bf1bfea_images (6).jpeg"
keywords: []
---

# സംസ്ഥാനത്ത് അവശ്യസാധന വില കുതിക്കുന്നു

> **Lead Summary:** സംസ്ഥാനത്ത് അവശ്യസാധന വില കുതിക്കുന്നു. പച്ചക്കറി വില ഇരട്ടിയായതായാണ് വിപണിയില്‍ നിന്നുള്ള വിവരം.

## Article Content

സംസ്ഥാനത്ത് അവശ്യസാധന വില കുതിക്കുന്നു. പച്ചക്കറി വില ഇരട്ടിയായതായാണ് വിപണിയില്‍ നിന്നുള്ള വിവരം.

വെണ്ടയ്ക്കയും ബീന്‍സും നൂറിനടുത്താണ് കിലോയ്ക്ക് വില. ഒരാഴ്ചക്കിടെ അരിവിലയില്‍ ആറു രൂപയുടെ വരെ വര്‍ധനവുണ്ടായി. പാക്കറ്റിലെത്തുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് എല്ലാം വില കൂടി. ശക്തമായ മഴയും അടിക്കടി ഉയരുന്ന ഇന്ധനവിലയുമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ സംസ്ഥാനത്ത് വലിയ വിലക്കയറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കുത്തനെ കൂടിയ ഇന്ധനവിലയും കനത്ത മഴയും കാരണം പച്ചക്കറികള്‍ക്ക് അടക്കം ഇപ്പോള്‍ വില കൂടുകയാണ്. 

പാക്കറ്റില്‍ വരുന്ന എല്ലാ ഭക്ഷ്യ വസ്തുക്കള്‍ക്കും വില കൂടി. മസാലപ്പൊടികള്‍, മാവിനങ്ങള്‍, പയറു വര്‍ഗങ്ങള്‍ എന്നിവയെല്ലാം കൂടിയ വിലയ്ക്കാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. കര്‍ണാടകയില്‍ നിന്നുള്ള വടി മട്ട അരിക്ക് ഒരാഴ്ചക്കിടെ എട്ടു രൂപയാണ് കൂടിയത്. ഇതോടെ പല കുടുംബങ്ങളും മട്ട അരി ഉപേക്ഷിച്ച്‌ മറ്റിനം അരികള്‍ ഉപയോഗിച്ച്‌ തുടങ്ങി. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഉണ്ടായ നെല്‍കൃഷി നാശവും കേരളത്തിലെ അരി വില ഉയരാന്‍ കാരണമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടിലെ കനത്ത മഴയാണ് പച്ചക്കറി വിപണിക്ക് തിരിച്ചടിയായത്. തമിഴ്‌നാട്ടില്‍ നിന്നുള്ള എല്ലാ പച്ചക്കറികള്‍ക്കും വില കൂടി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11204/commodity-prices-are-soaring)