---
title: "ഇ.പി.എഫ്.ഒ ഹയർ പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയപരിധി വീണ്ടും നീട്ടി."
english_title: "EPFO has again extended the deadline for providing higher pension option. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112197/epfo-has-again-extended-the-deadline-for-providing-higher-pension-option"
published_at: "2023-05-02T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64513f3804029_czxvvz.jpg"
keywords: []
---

# ഇ.പി.എഫ്.ഒ ഹയർ പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയപരിധി വീണ്ടും നീട്ടി.

> **Lead Summary:** **ന്യൂഡൽഹി:** ഇ.പി.എഫ്.ഒ ഹയർ പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് സമയപരിധി നീട്ടിയത്. മെയ് മൂന്ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇ.പി.എഫ്.ഒയുടെ നടപടി. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.

## Article Content

**ന്യൂഡൽഹി:** ഇ.പി.എഫ്.ഒ ഹയർ പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയപരിധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് സമയപരിധി നീട്ടിയത്. മെയ് മൂന്ന് സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇ.പി.എഫ്.ഒയുടെ നടപടി. ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു.

ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഉറപ്പാക്കണമെന്ന കേസിൽ 2022 നവംബർ നാലിനാണ് സുപ്രീംകോടതിയുടെ അനുകൂല ഉത്തരവുണ്ടായത്. നാലു മാസത്തിനകം ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും ഇ.പി.എഫ്.ഒയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. വിധി വന്ന് ആദ്യ മാസങ്ങളിൽ ഇ.പി.എഫ്.ഒയുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടായില്ല. 2023 ജനുവരിക്കുശേഷമാണ് 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് സർവിസിൽനിന്ന് വിരമിച്ചവർക്കുള്ള സൗകര്യം ഒരുക്കിയത്. സർവിസിൽ തുടരുന്നവർക്കുള്ള ഉത്തരവ് 2023 ഫെബ്രുവരി 20നാണ് ഇ.പി.എഫ്.ഒ പുറത്തിറക്കിയത്.

സംയുക്തഓപ്ഷൻ നൽകാനുള്ള ലിങ്കും ഉടൻ പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 2014 സെപ്റ്റംബർ ഒന്നിന് മുമ്പ് സർവിസുണ്ടായിരിക്കുകയും 2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവർക്കും ജോലിയിൽ തുടരുന്നവർക്കും ഓപ്ഷൻ നൽകാനുള്ള അവസരമാണ് ഇ.പി.എഫ്.ഒ വിജ്ഞാപനത്തിലുള്ളത്. ഇവർ ഇ.പി.എഫ്.ഒ നിർദേശിച്ച പരമാവധി ശമ്പളത്തിന് മുകളിൽ യഥാർഥ ശമ്പളത്തിനുള്ള ഇ.പി.എഫ് വിഹിതം തൊഴിലുടമ അടച്ചിരുന്നവരുമാകണം.

ഉയർന്ന പെൻഷനുവേണ്ടി യഥാർഥ ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള കൂടിയ വിഹിതം പിടിച്ചുകൊള്ളാൻ ജീവനക്കാരും സ്ഥാപനങ്ങളും സംയുക്തമായി നൽകുന്ന സമ്മതപത്രമാണ് ഓപ്ഷൻ. 1995 നവംബർ മുതൽ 2001 മേയ് വരെ ഇ.പി.എഫ്.ഒ നിശ്ചയിച്ച പരമാവധി വിഹിതം 5000 രൂപയും പെൻഷൻ ഫണ്ട് വിഹിതം 417 രൂപയുമായിരുന്നു. 2001 ജൂൺ-2014 ആഗസ്റ്റ് കാലയളവിൽ ഇതു യഥാക്രമം 6,500 രൂപയും 541 രൂപയുമായി പരിഷ്‍കരിച്ചു.

2014 സെപ്റ്റംബർ മുതൽ 15,000 രൂപയാണ് ഇ.പി.എഫ് നിശ്ചയിച്ച പരമാവധി ശമ്പളം. പെൻഷൻ വിഹിതം 1250 രൂപയുമാണ്. ഉയർന്ന പെൻഷനുള്ള ഓപ്ഷൻ നൽകുമ്പോൾ ഉയർന്ന തുക പെൻഷൻ ഫണ്ടിലേക്ക് അടക്കേണ്ടി വരും. നിലവിൽ സർവിസിലുള്ളവരിൽ പി.എഫ് നിക്ഷേപത്തിൽനിന്ന് ഇത് പെൻഷൻ ഫണ്ടിലേക്ക് മാറ്റുമെന്നാണ് സൂചന. രാജ്യത്ത് 4.5 കോടി ഇ.പി.എഫ് വരിക്കാരുണ്ടെന്നാണ് കണക്ക്. 50 ലക്ഷത്തോളം പേർക്കാണ് ഇ.പി.എഫ് പെൻഷൻ ലഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112197/epfo-has-again-extended-the-deadline-for-providing-higher-pension-option)