---
title: "ഡി.വൈ.എഫ്.ഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല: നന്ദി അറിയിച്ച് എ എ റഹീം"
english_title: "Ramesh Chennithala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112275/ramesh-chennithala"
published_at: "2023-05-03T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6452086478b7d_Screenshot_2023-05-03-12-31-45-41_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഡി.വൈ.എഫ്.ഐയെ പുകഴ്ത്തി രമേശ് ചെന്നിത്തല: നന്ദി അറിയിച്ച് എ എ റഹീം

> **Lead Summary:** ഇടത് യുവജന സംഘടനയായ ഡി വൈ എഫ് ഐയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നും ചെന്നിത്തല പറഞ്ഞു.

## Article Content

ഇടത് യുവജന സംഘടനയായ ഡി വൈ എഫ് ഐയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് കാലത്ത് ഡിവൈഎഫ്‌ഐ നന്നായി പ്രവർത്തിച്ചെന്നും ആശുപത്രികളിൽ പൊതിച്ചോർ വിതരണം ചെയ്യുന്ന ഡിവൈഎഫ്‌ഐയുടെ ഹൃദയപൂർവം പദ്ധതി മാതൃകയാണെന്നും ചെന്നിത്തല പറഞ്ഞു.

ചെന്നിത്തലയുടെ വീഡിയോ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം ഫേസ്ബുക്കിൽ ഷെയർ ചെയ്തു. ഡിവൈഎഫ്‌ഐയെ പുകഴ്ത്തിയ ചെന്നിത്തലക്ക് റഹീം നന്ദി അറിയിച്ചു. റഹീമിന്റെ പോസ്റ്റിന്റെ പൂർണരൂപം ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്.യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തിൽ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്.

ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളർത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്. ഡിവൈഎഫ്‌ഐയുടെ പ്രധാന പരിഗണന മേല്പറഞ്ഞ കാര്യങ്ങളിലാണ്.സ്‌നേഹവും കരുതലും സാന്ത്വനവുമായി,സാമൂഹ്യ പ്രതിബദ്ധതയുടെ, നന്മയുടെ അടയാളമായി ഡിവൈഎഫ്‌ഐ, നിസ്വാർത്ഥവും ത്യാഗനിർഭരവുമായ അതിന്റെ യാത്ര തുടരുന്നു.

മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകൾ ഡിവൈഎഫ്ഐയെപ്പോലെതന്നെ നിർവഹിച്ചാൽ സമൂഹത്തിൽ അത് വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും.

ഉയർന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരാതെ അത് സാധ്യവുമാവില്ല. രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്‌ഐ യെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി.നേരത്തെ കെ സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർത്ഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112275/ramesh-chennithala)