---
title: "താക്കോല്‍ ദാനത്തിന്റെയും വയനാട് ജില്ലാതല ഉദ്ഘാടനം തരുവണയില്‍ നടന്നു."
english_title: "Key donation and Wayanad district level inauguration was held at Tharuvana. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112576/key-donation-and-wayanad-district-level-inauguration-was-held-at-tharuvana"
published_at: "2023-05-04T20:14:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6453c4c912f0c_ghcvjbkjlm.jpg"
keywords: []
---

# താക്കോല്‍ ദാനത്തിന്റെയും വയനാട് ജില്ലാതല ഉദ്ഘാടനം തരുവണയില്‍ നടന്നു.

> **Lead Summary:** തരുവണ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 864 ലൈഫ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെയും താക്കോല്‍ ദാനത്തിന്റെയും വയനാട് ജില്ലാതല ഉദ്ഘാടനം തരുവണയില്‍ നടന്നു.

## Article Content

തരുവണ: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 864 ലൈഫ് വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിന്റെയും താക്കോല്‍ ദാനത്തിന്റെയും വയനാട് ജില്ലാതല ഉദ്ഘാടനം തരുവണയില്‍ നടന്നു.

തരുവണ കോക്കടവില്‍ നടന്ന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. കോക്കടവ് ഉപ്പംനട കോളനിയിലെ ലീലക്ക് വീടിന്റെ താക്കോല്‍ കൈമാറിയാണ് താക്കോല്‍ദാനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്.

വെളളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലൈഫ് പദ്ധതി നിലവില്‍ വന്ന ശേഷം ജില്ലയില്‍ 22,701 വീടുകള്‍ നിര്‍മ്മിച്ചു. 2748 വീടുകളുടെ നിര്‍മ്മാണം ഇനിയും പൂര്‍ത്തീകരിക്കാനുണ്ട്.

എഗ്രിമെന്റ് വെക്കാന്‍ ബാക്കിയുള്ളത് 2054  ഗുണഭോക്താക്കളാണ്. രണ്ടാം നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ ജില്ലയില്‍ 864 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. കല്യാണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായ ഇ.കെ സല്‍മത്ത്, എം. അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍മാരായ അമ്മദ് കൊടുവേരി, പി.എ അസീസ്, ടി.ജെ മേരി സ്മിത, പ്രോജക്ട് ഡയറക്ടര്‍ പി.സി മജീദ്, അസി. ഡയറക്ടര്‍ പ്രജുകുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബീന വര്‍ഗീസ്, വി.ഇ.ഒ വി.എം ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112576/key-donation-and-wayanad-district-level-inauguration-was-held-at-tharuvana)