---
title: "ദേശീയപാതയിലെ മാറ്റങ്ങൾ യാത്രക്കാരെ കുഴക്കുന്നു "
english_title: "Edakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112865/edakkad"
published_at: "2023-05-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455dc65ba374_IMG-20230506-WA0015.jpg"
keywords: []
---

# ദേശീയപാതയിലെ മാറ്റങ്ങൾ യാത്രക്കാരെ കുഴക്കുന്നു 

> **Lead Summary:**  **എടക്കാട് : **ദേശീയപാത 66-ന്റെ നിർമാണവുമായി ബന്ധപ്പെടുത്തി വരുത്തിയ താത്‌കാലിക മാറ്റങ്ങൾ വാഹനമോടിക്കുന്നവരെ കുഴക്കുന്നു. വീതികൂടിയ റോഡാണ് താത്‌കാലികമായി നിർമിച്ചതെങ്കിലും അടിപ്പാതയും മറ്റും നിർമിക്കാൻ വരുത്തിയ തിരിവ് സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാരെ കുഴക്കുന്നു. മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസ് മുതൽ കുളംബസാർ വരെ അടിപ്പാതയ്ക്ക് മുകളിലൂടെ വീതിയേറിയ റോഡുണ്ടെങ്കിലും റോഡിൽ അടയാളപ്പെടുത്തലുകളില്ല.

## Article Content

 **എടക്കാട് : **ദേശീയപാത 66-ന്റെ നിർമാണവുമായി ബന്ധപ്പെടുത്തി വരുത്തിയ താത്‌കാലിക മാറ്റങ്ങൾ വാഹനമോടിക്കുന്നവരെ കുഴക്കുന്നു. വീതികൂടിയ റോഡാണ് താത്‌കാലികമായി നിർമിച്ചതെങ്കിലും അടിപ്പാതയും മറ്റും നിർമിക്കാൻ വരുത്തിയ തിരിവ് സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാരെ കുഴക്കുന്നു. മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസ് മുതൽ കുളംബസാർ വരെ അടിപ്പാതയ്ക്ക് മുകളിലൂടെ വീതിയേറിയ റോഡുണ്ടെങ്കിലും റോഡിൽ അടയാളപ്പെടുത്തലുകളില്ല.

രണ്ട് ഭാഗങ്ങളായി വരയിടാത്തത് അപകടസാധ്യത വർധിപ്പിക്കുന്നു. ബസുകളുടെ അമിതവേഗവും അലക്ഷ്യമായുള്ള മറികടക്കലും എതിരെവരുന്ന വാഹനങ്ങൾക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നു. എടക്കാട് വ്യാഴാഴ്ച യുവതിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ഇതെല്ലാം കാരണമായിട്ടുണ്ടാവാമെന്നാണ് പോലീസ് പറയുന്നത്. ഇടിയുടെ തീവ്രത എത്രത്തോളമെന്ന് കാറിന്റെ മുൻഭാഗത്തെ തകർച്ച കണ്ടാലറിയാമെന്ന് നാട്ടുകാരും പറയുന്നു. കാറിനകത്ത് കുടുങ്ങിയ ഡ്രൈവറെയും മറ്റും തീവ്രശ്രമത്തിലാണ് പുറത്തെത്തിച്ചത്. അപകടം പോലീസ് സ്റ്റേഷന് സമീപത്തായതിനാൽ നാട്ടുകാർക്കൊപ്പം പോലീസും രക്ഷാപ്രവർത്തനത്തിൽ സജീവമായി. പോലീസ് ജീപ്പിലാണ് പരിക്കേറ്റ ചിലരെ ആസ്പത്രിയിൽ എത്തിച്ചത്. നിർമാണം നടക്കുന്ന ദേശീയപാത 66-ൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്നും ആവശ്യമായ അടയാളപ്പെടുത്തലുകൾ നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112865/edakkad)