---
title: "നഷ്ടക്കണക്കിന്റെ കണ്ണീരുമായി കർഷകർ"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/112869/iritty"
published_at: "2023-05-06T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6455de75252ba_IMG-20230506-WA0018.jpg"
keywords: []
---

# നഷ്ടക്കണക്കിന്റെ കണ്ണീരുമായി കർഷകർ

> **Lead Summary:**  **ഇരിട്ടി**: കശുവണ്ടി കർഷക മേഖലയിൽ കാലാകാലങ്ങളായി തുടരുന്ന അവഗണന ഇക്കുറിയും ഉണ്ടായപ്പോൾ നഷ്ടക്കണക്കിന്റെ കണ്ണീരുമായി കർഷകർ. വിപണിയിൽ 120 രൂപ വിലയുള്ളപ്പോൾ സർക്കാരിന്റെ വില നിർണയ കമ്മിറ്റി നിശ്ചയിച്ച 114 രൂപ തറവില പ്രഖ്യാപനം, ലഭിച്ചു കൊണ്ടിരുന്ന വില കൂടി കർഷകന് നഷ്ടപ്പെടുത്താനാണ് ഇടയാക്കിയത്. സംഭരണവും പാളിയതോടെ പൊതുവിപണിയെ നിയന്ത്രിക്കുന്നവർക്ക് ഇഷ്ടമുള്ള വില നിശ്ചയിക്കാനുള്ള അവസരവും ലഭിച്ചു.

## Article Content

 **ഇരിട്ടി**: കശുവണ്ടി കർഷക മേഖലയിൽ കാലാകാലങ്ങളായി തുടരുന്ന അവഗണന ഇക്കുറിയും ഉണ്ടായപ്പോൾ നഷ്ടക്കണക്കിന്റെ കണ്ണീരുമായി കർഷകർ. വിപണിയിൽ 120 രൂപ വിലയുള്ളപ്പോൾ സർക്കാരിന്റെ വില നിർണയ കമ്മിറ്റി നിശ്ചയിച്ച 114 രൂപ തറവില പ്രഖ്യാപനം, ലഭിച്ചു കൊണ്ടിരുന്ന വില കൂടി കർഷകന് നഷ്ടപ്പെടുത്താനാണ് ഇടയാക്കിയത്. സംഭരണവും പാളിയതോടെ പൊതുവിപണിയെ നിയന്ത്രിക്കുന്നവർക്ക് ഇഷ്ടമുള്ള വില നിശ്ചയിക്കാനുള്ള അവസരവും ലഭിച്ചു.

ഇതിന്റെ നേർസാക്ഷ്യമാണു മഴക്കാലം എത്തും മുൻപേയുള്ള വിലത്തകർച്ച. ഇരിട്ടിയിൽ കിലോയ്ക്ക് 80 രൂപയാണു കിട്ടുന്നത്. ചെറുപുഴ മേഖലയിൽ 85 രൂപയും. കശുവണ്ടി പരിപ്പിന്റെ വിപണി വില കണക്കിലെടുത്ത് കിലോയ്ക്ക് 300 രൂപ വില നിശ്ചയിക്കണമെന്നു കർഷകർ ആവശ്യപ്പെട്ടിരുന്ന സമയത്താണ് 114 രൂപ തറവില പ്രഖ്യാപനം വന്നത്. കഴിഞ്ഞ വർഷം നിശ്ചയിച്ച 105 രൂപയെക്കാൾ അധികമാണ് ഇക്കുറി നിശ്ചയിച്ച തുകയെന്നായിരുന്നു അന്നത്തെ വാദം. പ്രഖ്യാപിച്ച ഈ വില പോലും കർഷകനു ലഭ്യമാക്കാൻ സർക്കാരിനു സാധിക്കാതെ വന്നപ്പോൾ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണു കശുവണ്ടി കർഷക മേഖലയിൽ ഉണ്ടായത്. കശുവണ്ടി കർഷകർക്കു കൊടിയ നഷ്ടം വരുത്തിയ കഴിഞ്ഞ വർഷത്തേതിന്റെ തനിയാവർത്തനമാണ് ഇക്കുറിയും സീസൺ പകുതി ആയപ്പോഴുള്ള തറവില പ്രഖ്യാപനം. കഴിഞ്ഞ വർഷം 115 രൂപ വില വിപണിയിൽ ഉള്ളപ്പോൾ 105 രൂപ തറവില പ്രഖ്യാപിച്ചു. ഇക്കുറി 120 രൂപ വില ഉള്ളപ്പോൾ പ്രഖ്യാപിച്ചത് 114 രൂപയും. സംഭരണവും പ്രഖ്യാപനത്തിൽ ഒതുക്കി.

വില നിർണയം ഡിസംബറിൽ നടത്താത്തതും സംഭരണത്തിന് സംവിധാനങ്ങൾ നേരത്തേ ഏർപ്പെടുത്താത്തതുമാണു കശുവണ്ടി കർഷകർക്കു വിനയാകുന്നത്. ലോകത്ത് ഏറ്റവും ഗുണമേന്മയുള്ള കശുവണ്ടി ഉൽപാദിപ്പിക്കുന്നത് ഇരിട്ടി മേഖലയിലാണ്. ഇതിൽ ഏറ്റവും കൂടുതൽ തോട്ടങ്ങൾ ഉണ്ടായിരുന്ന കച്ചേരിക്കടവ്, പാലത്തിൻകടവ്, ചരൾ മേഖലയിൽ ഉൾപ്പെടെ കർഷകർ കശുമാവ് വെട്ടി മറ്റു കൃഷികളിലേക്കു തിരിയുന്ന സാഹചര്യവുമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/112869/iritty)