---
title: "ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ "
english_title: "Suspension"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113055/suspension"
published_at: "2023-05-07T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6456fb2e997d9_Screenshot_20230317-120944_Facebook.jpg"
keywords: []
---

# ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ 

> **Lead Summary:** **വയനാട്**: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നടപടി. ആരോപണ വിധേയരായ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടേയും, എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

## Article Content

**വയനാട്**: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ ലഹരിമരുന്ന് കേസിലെ പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ നടപടി. ആരോപണ വിധേയരായ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടേയും, എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍മാരായ പി.കെ പ്രഭാകരന്‍, കെ.വി ഷാജിമോന്‍, സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ സുധീഷ് എന്നിവരെയാണ് എക്‌സൈസ് കമ്മീഷണർ സസ്‌പെന്റ് ചെയ്തത്. ഈ മാസം മൂന്നിനാണ് പരാതികൾക്കിടയാക്കിയ സംഭവം. കർണാടകയിൽ നിന്ന് കാറിൽ വരികയായിരുന്ന മുനീർ, മുഹമ്മദ് ഷഹീർ എന്നിവരെ കഞ്ചാവ് ബീഡിയുമായി മുത്തങ്ങയിൽ വെച്ച് പൊലീസ് പിടികൂടി. മുത്തങ്ങയിലെ തന്നെ എക്സൈസിന്റെ ചെക്പോസ്റ്റ് കടന്നായിരുന്നു യുവാക്കൾ എത്തിയത്. പൊലീസ് ഇവരെ ചോദ്യം ചെയ്തതോടെ എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി കടത്തിവിട്ടതാണെന്ന ആരോപണം പ്രതികൾ ഉന്നയിച്ചു. ബെംഗളൂരുവിൽ നിന്നും യുവാക്കൾ എംഡിഎംഎ ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബും വാങ്ങിയിരുന്നു.

യുവാക്കളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ 8000 രൂപ കൈകൂലി വാങ്ങിയെന്നാണ് ആരോപണം. ജില്ലാ പൊലീസ് മേധാവിയുടേയും, എക്‌സൈസ് വിജിലന്‍സിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്തത്. അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് എക്‌സൈസ് കമ്മീഷണർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113055/suspension)