---
title: "പൊതുകിണർ നവീകരിച്ച് മോടിപിടിപ്പിച്ചപ്പോൾ മനോഹരമായ പൂക്കൊട്ടയുടെ രൂപത്തിലായി."
english_title: "The public well was renovated and beautified into a beautiful flower basket. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113093/the-public-well-was-renovated-and-beautified-into-a-beautiful-flower-basket"
published_at: "2023-05-07T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64572fa5464df_pothu_kinar_payyanoor.jpg"
keywords: []
---

# പൊതുകിണർ നവീകരിച്ച് മോടിപിടിപ്പിച്ചപ്പോൾ മനോഹരമായ പൂക്കൊട്ടയുടെ രൂപത്തിലായി.

> **Lead Summary:** **പെരളശ്ശേരി : **ലോറിയിടിച്ച് തകർന്ന് ഉപയോഗശൂന്യമായതായിരുന്നു മൂന്നുപെരിയയിലെ പൊതുകിണർ നവീകരിച്ച് മോടിപിടിപ്പിച്ചപ്പോൾ മനോഹരമായ പൂക്കൊട്ടയുടെ രൂപത്തിലായി. ഉപയോഗശൂന്യമായ കിണർ മൂന്നുപെരിയ ടൗൺ സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായാണ് നന്നാക്കിയത്. ഒരിക്കലും വറ്റാത്ത ഈ കിണറിലെ വെള്ളമാണ് ടൗണിലെ കടകളിലും മറ്റും മുൻപ് ഉപയോഗിച്ചിരുന്നത്. ചപ്പുചവറുകൾ വീണ്‌ വെള്ളം മോശമായപ്പോൾ ഉപയോഗിക്കാതായി.

## Article Content

**പെരളശ്ശേരി : **ലോറിയിടിച്ച് തകർന്ന് ഉപയോഗശൂന്യമായതായിരുന്നു മൂന്നുപെരിയയിലെ പൊതുകിണർ നവീകരിച്ച് മോടിപിടിപ്പിച്ചപ്പോൾ മനോഹരമായ പൂക്കൊട്ടയുടെ രൂപത്തിലായി. ഉപയോഗശൂന്യമായ കിണർ മൂന്നുപെരിയ ടൗൺ സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായാണ് നന്നാക്കിയത്. ഒരിക്കലും വറ്റാത്ത ഈ കിണറിലെ വെള്ളമാണ് ടൗണിലെ കടകളിലും മറ്റും മുൻപ് ഉപയോഗിച്ചിരുന്നത്. ചപ്പുചവറുകൾ വീണ്‌ വെള്ളം മോശമായപ്പോൾ ഉപയോഗിക്കാതായി.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മുൻകൈയെടുത്ത് കിണർ വൃത്തിയാക്കി. അഞ്ചുവർഷം മുൻപാണ് ലോറിയിടിച്ച് ആൾമറ തകർന്നത്. ഉള്ളിലെ പടവുകളും തകരാറിലായി. അണ്ടലൂർ-പറശ്ശിനിക്കടവ് റോഡിന്റെ നിർമാണപ്രവൃത്തിയിൽ ഇത് മൂടുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്. എന്നാൽ അതിന്റെ കരാറുകാരൻ തകർന്ന പടവുകൾ ശരിയാക്കി. ഇപ്പോൾ ആൾമറ പുതുക്കിപ്പണിതു. മുളകൊണ്ട് നിർമിച്ച മനോഹരമായ പൂക്കൊട്ടയുടെ രൂപത്തിലാണ് കിണർ. സിമൻറും കമ്പിയുമുപയോഗിച്ചാണ് ഇതുണ്ടാക്കിയത്. ആൾമറയ്ക്ക് ചായംതേച്ചു.

കൂടാതെ വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചു. മൂന്നുപെരിയ ടൗൺ സൗന്ദര്യവത്കരണത്തിന് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയാണ് അനുവദിച്ചത്. പഴയ ബസ് കാത്തിരിപ്പുകേന്ദ്രം പുതുക്കിപ്പണിതു. അപകടഭീഷണിയായ ട്രാൻസ്ഫോർമർ മാറ്റിസ്ഥാപിച്ചു. പുതിയ നടപ്പാത വന്നു.

പൂന്തോട്ടം സ്ഥാപിക്കുന്ന ജോലി ബാക്കിയുണ്ട്. 13-ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113093/the-public-well-was-renovated-and-beautified-into-a-beautiful-flower-basket)