---
title: "കോൺഗ്രസിന് തീവ്രവാദബന്ധമുണ്ടെന്ന് പറഞ്ഞ മോദിയോട് തെളിവു തേടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഭയം -കപിൽ സിബൽ"
english_title: "Election Commission is afraid to seek evidence from Modi who said that Congress has terrorist links - Kapil Sibal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113097/election-commission-is-afraid-to-seek-evidence-from-modi-who-said-that-congress-has-terrorist-links-kapil-sibal"
published_at: "2023-05-07T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6457328d26462_sdfsgfsd.jpg"
keywords: []
---

# കോൺഗ്രസിന് തീവ്രവാദബന്ധമുണ്ടെന്ന് പറഞ്ഞ മോദിയോട് തെളിവു തേടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഭയം -കപിൽ സിബൽ

> **Lead Summary:** **ന്യൂഡൽഹി: **കോൺഗ്രസുകാർ തീവ്രവാദികളുമായി പിൻവാതിൽ അനുരഞ്ജന ചർച്ചകൾ ഉണ്ടാക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ രാജ്യസഭ അംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. കർണാടകയിൽ കോൺഗ്രസ് അഴിമതി നടത്തുകയാണെന്ന ബി.ജെ.പിയുടെ ആരോപണത്തിൽ വ്യക്തമായ തെളിവുകൾ ആവശ്യപ്പെട്ട ഡി.കെ. ശിവകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു കപിൽ സിബൽ.

## Article Content

**ന്യൂഡൽഹി: **കോൺഗ്രസുകാർ തീവ്രവാദികളുമായി പിൻവാതിൽ അനുരഞ്ജന ചർച്ചകൾ ഉണ്ടാക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ രാജ്യസഭ അംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. കർണാടകയിൽ കോൺഗ്രസ് അഴിമതി നടത്തുകയാണെന്ന ബി.ജെ.പിയുടെ ആരോപണത്തിൽ വ്യക്തമായ തെളിവുകൾ ആവശ്യപ്പെട്ട ഡി.കെ. ശിവകുമാറിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചതിനോട് പ്രതികരിക്കുകയായിരുന്നു കപിൽ സിബൽ.

കോൺഗ്രസിന് ഭീകരരുമായി ബന്ധമുണ്ടെന്ന പരാമർശം നടത്തിയ പ്രധാനമന്ത്രിയോട് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവു തേടുന്നില്ല എന്നായിരുന്നു കപിൽ സിബലിന്റെ ചോദ്യം. ''കോൺഗ്രസ് അഴിമതിക്കാരാണെന്ന ബി.ജെ.പിയുടെ പരാമർ​ശത്തിൽ തെളിവ് ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. കോൺഗ്രസുകാർ തീവ്രവാദവുമായി ബന്ധമുള്ളവരുമായി പിൻവാതിലിലൂടെ അനുരഞ്ജന ചർച്ചകൾ നടത്തുകയാണെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിൽ എന്തുകൊണ്ട് തെളിവ് ആവശ്യപ്പെടുന്നില്ല.

പ്രധാനമന്ത്രിയോട് തെളിവ് ആവശ്യപ്പെടാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ധൈര്യമില്ലേ?​''-സിബൽ ട്വീറ്റ് ചെയ്തു. വോട്ട്ബാങ്കിനായി പ്രധാനമന്ത്രി കോൺഗ്രസിനെ തീവ്രവാദികളുമായി ബന്ധമുള്ളതായി മുദ്രകുത്തിയെന്ന് കാണിച്ച് കർണാടക കോൺഗ്രസ് പരാതി നൽകിയിരുന്നു. വിവാദമായ ദ കേരള സ്റ്റോറി എന്ന സിനിമയെ പിന്തുണച്ചുകൊണ്ട് പ്രസംഗിക്കവെയാണ് കർണാടകയിലെ ബെല്ലാരിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി കോൺഗ്രസിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തിയത്. ''കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയാണ്.

കേരളത്തിലെ തീവ്രവാദികളുടെ ഗൂഢാലോചന തുറന്നുകാട്ടുന്ന സിനിമയാണത്. എന്നാൽ കോൺഗ്രസ് സിനിമയെ സിനിമയെ വിമർശിക്കുകയാണ്. കോൺഗ്രസിന്റെത് തീവ്രവാദത്തെ പിന്തുണക്കുന്ന നിലപാടാണ്.​ തീവ്രവാദികളുമായി അനുരഞ്ജനത്തിനായി പിൻവാതിൽ ചർച്ചകൾ നടത്തുന്നവരാണ് ഇപ്പോൾ ഇരട്ടത്താപ്പ് കാണിക്കുന്നത്''-എന്നായിരുന്നു മോദി പ്രസംഗത്തിൽ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113097/election-commission-is-afraid-to-seek-evidence-from-modi-who-said-that-congress-has-terrorist-links-kapil-sibal)