---
title: "കർഷകർക്ക് നേരെ നടന്ന ക്രൂരതയിൽ കണ്ണൂരിലും പ്രതിഷേധം"
english_title: "Protest in Kannur against atrocities against farmers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1131/protest-in-kannur-against-atrocities-against-farmers"
published_at: "2021-10-04T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615ae6656fa70_PicsArt_10-04-04.57.35.jpg"
keywords: []
---

# കർഷകർക്ക് നേരെ നടന്ന ക്രൂരതയിൽ കണ്ണൂരിലും പ്രതിഷേധം

> **Lead Summary:** കണ്ണൂര്‍: ഉത്തര്‍പ്രദേശിലെ കർഷക സമരക്കാർക്ക് ഇടയിലേക്ക് കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലും ലകിംപൂർ ഖേദിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹെഡ്‌പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

## Article Content

കണ്ണൂര്‍: ഉത്തര്‍പ്രദേശിലെ കർഷക സമരക്കാർക്ക് ഇടയിലേക്ക് കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിലും ലകിംപൂർ ഖേദിയില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഹെഡ്‌പോസ്റ്റാഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ച് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

                   രാജ്യത്തെ ജനങ്ങള്‍ക്ക് അന്നം നല്‍കുന്ന കര്‍ഷകരെ നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ നേതൃത്വം കൊടുത്തിരിക്കുകയാണ് മോദിസര്‍ക്കാരെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. കര്‍ഷകരെ കൊലപ്പെടുത്തുന്നതിന് നേതൃത്വം കൊടുത്ത മന്ത്രിപുത്രനെ അറസ്റ്റ്‌ചെയ്യാന്‍ മടിക്കുന്ന മുഖ്യമന്ത്രി ആദിത്യ യോഗി സര്‍ക്കാര്‍ കര്‍ഷകര്‍ മരിച്ചുവീണ സ്ഥലത്തേക്ക് പുറപ്പെട്ട പ്രിയങ്കഗാന്ധിയെ റോഡില്‍ തടഞ്ഞ് നിര്‍ത്തി അവരെ അറസ്റ്റ് ചെയ്യുകയും അവരെ ഇപ്പോള്‍ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്. കാടത്തമായ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രക്ഷോഭ സമരം അലയടിച്ച് ഉയരുമെന്നും ആ സമരങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം വഹിക്കുമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷതവഹിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹനന്‍, കെ സി മുഹമ്മദ് ഫൈസല്‍, എം കെ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് നേതാക്കളായ രാജീവന്‍ എളയാവൂര്‍, അഡ്വ. റഷീദ് കവ്വായി, കൂക്കിരി രാജേഷ് രജിത്ത് നാറാത്ത്, വി വി ശശീന്ദ്രന്‍, കാട്ടാമ്പള്ളി രാമചന്ദ്രന്‍, സുധീപ് ജെയിംസ്, പി മുഹമ്മദ് ഷമ്മാസ് ,കല്ലിക്കോടന്‍ രാജേഷ്, രാജേഷ് എം പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1131/protest-in-kannur-against-atrocities-against-farmers)