---
title: "തീരദേശ ഹൈവേക്കായി നടത്തുന്ന സർവേ പ്രവർത്തനങ്ങളിൽ വ്യാപക പ്രതിഷേധം"
english_title: "Edakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113602/edakkad"
published_at: "2023-05-09T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a1522a9772_IMG-20230509-WA0065.jpg"
keywords: []
---

# തീരദേശ ഹൈവേക്കായി നടത്തുന്ന സർവേ പ്രവർത്തനങ്ങളിൽ വ്യാപക പ്രതിഷേധം

> **Lead Summary:** **എടക്കാട് : **തീരദേശ ഹൈവേക്കായി നടത്തുന്ന സർവേ പ്രവർത്തനങ്ങളിൽ വ്യാപക പ്രതിഷേധം. നേരത്തേ തയ്യാറാക്കിയ അലൈൻമെന്റിൽ മാറ്റം വരുത്തിയാണ് നിലവിൽ സർവേ നടത്തി കുറ്റിയടിക്കൽ പുരോഗമിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കുറുവ, ആദികടലായി, കിഴുന്ന, ഏഴര, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. ചിലയിടങ്ങളിൽ തീരത്തോടുചേർന്ന് ഒഴിഞ്ഞുകിടക്കുന്ന ഭൂപ്രദേശമുണ്ടായിട്ടും ജനവാസം കൂടിയ മേഖലയിൽ സർവേ നടത്തി കുറ്റിയടിക്കുകയാണെന്നാണ് ആരോപണം.

## Article Content

**എടക്കാട് : **തീരദേശ ഹൈവേക്കായി നടത്തുന്ന സർവേ പ്രവർത്തനങ്ങളിൽ വ്യാപക പ്രതിഷേധം. നേരത്തേ തയ്യാറാക്കിയ അലൈൻമെന്റിൽ മാറ്റം വരുത്തിയാണ് നിലവിൽ സർവേ നടത്തി കുറ്റിയടിക്കൽ പുരോഗമിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. കുറുവ, ആദികടലായി, കിഴുന്ന, ഏഴര, മുഴപ്പിലങ്ങാട് എന്നിവിടങ്ങളിൽ പ്രതിഷേധം ഉയരുകയാണ്. ചിലയിടങ്ങളിൽ തീരത്തോടുചേർന്ന് ഒഴിഞ്ഞുകിടക്കുന്ന ഭൂപ്രദേശമുണ്ടായിട്ടും ജനവാസം കൂടിയ മേഖലയിൽ സർവേ നടത്തി കുറ്റിയടിക്കുകയാണെന്നാണ് ആരോപണം.

ഇതിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു. ചിലരെ രക്ഷപ്പെടുത്താനുള്ള നീക്കം ഇതിന്റെ പിറകിലുണ്ടോയെന്ന സംശയവും അവർ ഉന്നയിക്കുന്നു. നിലവിലെ കുറുവ-കടലായി നട റോഡ് വീതി കൂട്ടിയാൽത്തന്നെ ഈ ഭാഗത്ത് ഹൈവേ നിർമിക്കാനാകുമെന്ന് കുറുവക്കാർ പറയുന്നു. കിഴുന്ന ബീച്ച് തോടിനടുത്തുനിന്ന് തീരംതൊടാതെ സർവേ തിരിച്ചുവിട്ടതിനാൽ നിരവധി വീടുകൾ നഷ്ടപ്പെടുമെന്ന് കിഴുന്നക്കാരും പറയുന്നു. കുറുവയിലും ഏഴരയിലും മുഴപ്പിലങ്ങാട് തെറിമ്മലിലും നാട്ടുകാർ കൂട്ടത്തോടെയെത്തി സർവേ പ്രവർത്തനങ്ങൾ തടഞ്ഞു. തിരദേശ റോഡ് സർവേയുമായി ബന്ധപ്പെട്ട് നേരത്തേയിറക്കിയ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചതിൽ ഇല്ലാത്ത സ്ഥലത്താണ് ഇപ്പോൾ സർവേ നടത്തി പിങ്ക് കുറ്റി സ്ഥാപിച്ചതെന്നും ആരോപണമുണ്ട്. കുറുവ, ആദികലടായി ഭാഗങ്ങളിൽ 35-ഓളം വീടുകളുൾപ്പെടെയുള്ള കെട്ടിടങ്ങൾ പൊളിക്കേണ്ടിവരുമെന്നും മുഴപ്പിലങ്ങാട് ഭാഗത്ത് നേരത്തേയുള്ള അലൈൻമെന്റിൽ 48 കെട്ടിടങ്ങളായിരുന്നുവെങ്കിൽ നിലവൽ അത് 64 ആയി ഉയർന്നതായും പറയുന്നു. നേരത്തേ സർവേ നടത്തിയ തയ്യിൽ-മൈതാനപ്പള്ളി-കാനാമ്പുഴ അഴിമുഖം വരെയുള്ള ഭാഗം ഒഴിവാക്കിയാണ് പുതിയ സർവേയെന്നും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113602/edakkad)