---
title: "പുതുതായി നിർമിക്കുന്ന കോടതി സമുച്ചയത്തിന്റെ പണി ഇഴയുന്നു"
english_title: "The work on the newly constructed court complex is dragging on"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113607/the-work-on-the-newly-constructed-court-complex-is-dragging-on"
published_at: "2023-05-09T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645a1915da934_IMG-20230509-WA0128.jpg"
keywords: []
---

# പുതുതായി നിർമിക്കുന്ന കോടതി സമുച്ചയത്തിന്റെ പണി ഇഴയുന്നു

> **Lead Summary:** **പയ്യന്നൂർ** : പയ്യന്നൂരിൽ പുതുതായി നിർമിക്കുന്ന കോടതി സമുച്ചയത്തിന്റെ പണി ഇഴയുന്നു. തറക്കല്ലിട്ട് മൂന്നുവർഷവും മൂന്ന് മാസവും പിന്നിട്ടിട്ടും പണി പൂർത്തിയായിട്ടില്ല. ഉടൻ പണി പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനമാണ് നടക്കാതെപോയത്.

## Article Content

**പയ്യന്നൂർ** : പയ്യന്നൂരിൽ പുതുതായി നിർമിക്കുന്ന കോടതി സമുച്ചയത്തിന്റെ പണി ഇഴയുന്നു. തറക്കല്ലിട്ട് മൂന്നുവർഷവും മൂന്ന് മാസവും പിന്നിട്ടിട്ടും പണി പൂർത്തിയായിട്ടില്ല. ഉടൻ പണി പൂർത്തിയാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനമാണ് നടക്കാതെപോയത്.

ഇതേസമയത്ത് ശിലയിട്ട 10 നിലകളിലുള്ള തലശ്ശേരി കോടതി സമുച്ചയത്തിന്റെ പണി പൂർത്തിയാകയുംചെയ്തു. 2020 ഫെബ്രുവരി 23-നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോടതി സമുച്ചയത്തിന് തറക്കല്ലിട്ടത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് മുഖ്യാതിഥിയായ ചടങ്ങിലാണ്‌ നിശ്ചിത സമയത്തിനുള്ളിൽ കെട്ടിടനിർമാണം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്‌. 1963-ൽ നിർമിച്ച മുൻസിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കോടതിസമുച്ചയം നിർമിക്കുന്നത്.

സബ് കോടതി കെട്ടിടത്തിലാണ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും മുൻസിഫ് കോടതിയും ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതിനുപുറമെ കുടുംബകോടതി സിറ്റിങ്ങും ഇവിടെ നടക്കുന്നു. അഭിഭാഷകർ, കോടതി ജീവനക്കാർ, ക്ലാർക്കുമാർ, കക്ഷികൾ തുടങ്ങി നൂറുകണക്കിന് ആളുകളെക്കൊണ്ട് വീർപ്പുമുട്ടുകയാണ് കോടതികെട്ടിടം. ഇത്രയുംപേർ എത്തുന്ന കെട്ടിടത്തിൽ ഒരു പൊതുശൗചാലയം മാത്രമാണുള്ളത്.

നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളാണ് മൂന്ന് കോടതികളും. മുൻസിഫ് കോടതി പൊളിച്ചതോടെയാണ് ഈ കോടതിയുടെ പ്രവർത്തനം കൂടി സബ് കോടതി കെട്ടിടത്തിലേക്ക് മാറ്റിയത്. പഴയ മുൻസിഫ് കോടതി കെട്ടിടം പൊളിച്ചുമാറ്റി 14 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ അഞ്ച് നിലകളുള്ള കെട്ടിടമാണ് നിർമിക്കുന്നത്.

4555 ചതുരശ്രയടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ മജിസ്ട്രേറ്റ‌് കോടതി, മുൻസിഫ് കോടതി എന്നിവയ്ക്ക‌ു പുറമെ ഒരു അഡീഷണൽ ജില്ല കോടതിക്ക‌ുകൂടി സ്ഥലം നീക്കിവെച്ചിട്ടുണ്ട‌്. വാഹനപാർക്കിങ്ങും കാന്റീൻ സൗകര്യങ്ങളും ഒരുക്കും. താഴത്തെ നിലയിൽ ബാർ അസോസിയേഷൻ ഹാൾ, ലേഡി അഡ്വക്കറ്റ‌് റൂം, അഡ്വക്കറ്റ‌് ക്ലാർക്ക‌് റൂം, ലീഗൽ സർവീസ് അതോറിറ്റിയുടെ നിയമസഹായകേന്ദ്രം, മീഡിയേഷൻ റൂമുകൾ, ജുഡീഷ്യൽ എൻക്വയറി ഓഫീസ്, കോടതിയിലെത്തുന്ന പോലീസ് ഓഫീസർമാർക്ക‌് വസ്ത്രം മാറാനുള്ള മുറി, കക്ഷികൾക്കുള്ള വിശ്രമകേന്ദ്രം, പൊതുശൗചാലയം എന്നിവയുമുണ്ടാകും. ഒന്നാംനിലയിൽ മജിസ്ട്രേറ്റ‌് കോടതിയും രണ്ടാംനിലയിൽ മുൻസിഫ് കോടതിയും പ്രവർത്തിക്കും.

എല്ലാ കോടതികളിലും കോർട്ട‌് ഹാളിനോടുചേർന്ന‌് 200 പേർക്ക‌് ഇരിക്കാൻ കഴിയുന്ന വീഡിയോ കോൺഫറൻസ് ഹാളുമുണ്ടാകും. കേന്ദ്ര, സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടസമുച്ചയം നിർമിക്കുന്നത്. എന്നാൽ, ഇത് അനിശ്ചിതമായി നീളുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. കോടതിസമുച്ചയത്തിന്റെ പണി ഉടൻ പൂർത്തീകരിക്കണമെന്ന് പയ്യന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.കെ.രവീന്ദ്രൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113607/the-work-on-the-newly-constructed-court-complex-is-dragging-on)