---
title: "ശുചിത്വഗ്രാമമെന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് രാമന്തളി പഞ്ചായത്ത്"
english_title: "Ramanthali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113741/ramanthali"
published_at: "2023-05-10T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b1998bab64_IMG-20230510-WA0010.jpg"
keywords: []
---

# ശുചിത്വഗ്രാമമെന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് രാമന്തളി പഞ്ചായത്ത്

> **Lead Summary:**  **രാമന്തളി** : ശുചിത്വഗ്രാമമെന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് രാമന്തളി പഞ്ചായത്ത്. ശുചീകരണ പ്രവർത്തനങ്ങളും പഞ്ചായത്ത് തല ശുചിത്വ സ്ക്വാഡിന്റെ നേതൃത്വത്തിൽ സ്ഥാപനതല പരിശോധനയും നടത്തുന്നുണ്ട്. ശുചിത്വ ഹർത്താലിന്റെ ഭാഗമായി 15 വാർഡുകളിലും പൊതുസ്ഥലങ്ങൾ ശുചീകരിക്കുകയും പുന്നക്കടവ് പുഴയ്ക്ക് സമീപം മാലിന്യം തള്ളുന്നത്‌ തടയുന്നതിനായി നെറ്റ് സ്ഥാപിക്കുകയും ചെയ്തു.

## Article Content

 **രാമന്തളി** : ശുചിത്വഗ്രാമമെന്ന ലക്ഷ്യത്തിലേക്ക് ചുവടുവെച്ച് രാമന്തളി പഞ്ചായത്ത്. ശുചീകരണ പ്രവർത്തനങ്ങളും പഞ്ചായത്ത് തല ശുചിത്വ സ്ക്വാഡിന്റെ നേതൃത്വത്തിൽ സ്ഥാപനതല പരിശോധനയും നടത്തുന്നുണ്ട്. ശുചിത്വ ഹർത്താലിന്റെ ഭാഗമായി 15 വാർഡുകളിലും പൊതുസ്ഥലങ്ങൾ ശുചീകരിക്കുകയും പുന്നക്കടവ് പുഴയ്ക്ക് സമീപം മാലിന്യം തള്ളുന്നത്‌ തടയുന്നതിനായി നെറ്റ് സ്ഥാപിക്കുകയും ചെയ്തു.

12 മുതൽ 15 വരെ പ്രത്യേക ശുചിത്വ ഗ്രാമസഭകൾ എല്ലാ വാർഡുകളിലും നടത്തും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയൽ, പ്ലാസ്റ്റിക് മാലിന്യം കത്തിക്കൽ, നിരോധിത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം എന്നിവയിൽ ഒരുവർഷത്തിനിടെ 1.30 ലക്ഷം രൂപ ഫൈൻ ഈടാക്കിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. ശുചിത്വ പ്രവർത്തനങ്ങൾക്കായി 50 വീടുകൾക്ക് ഒരു വൊളന്റിയർ എന്ന നിലയിൽ ക്ലസ്റ്റർ രൂപവത്കരിച്ചു. വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെയും പകർച്ചവ്യാധി നിയന്ത്രണ പരിപാടിയുടെയും ഭാഗമായി വൊളന്റിയർമാർക്ക് ശില്പശാല സംഘടിപ്പിച്ചു. ഒ.കെ.കെ. സ്മാരക ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനം ടി.ഐ. മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി. ഗോവിന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിന്ദു നീലകണ്ഠൻ, കെ.പി. ദിനേശൻ, എ.വി. സുനിത, അംഗങ്ങളായ പി.പി. നാരായണി, കെ.സി. അബ്ദുൾ ഖാദർ, അസിസ്റ്റന്റ് സെക്രട്ടറി എം. ചന്ദ്രശേഖരൻ, വി.ഇ.ഒ. കെ. ബൈജു എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി രാമന്തളി രവി, ഹരിതകേരളം ആർ.പി. പി. അരുൾ, പഴയങ്ങാടി താലൂക്ക് ആസ്പത്രി ഹെൽത്ത് സൂപ്രവൈസർ ഇ. ശശിധരൻ എന്നിവർ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. ഗിരീഷ് കർമപദ്ധതി വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113741/ramanthali)