---
title: "മലബാറിന്റെ കൈത്തറിപ്പെരുമയുടെ കഥ പറയുന്ന ‘കൈത്തറി മ്യൂസിയം’ ഒരുങ്ങി"
english_title: "Handloom Museum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/113867/handloom-museum"
published_at: "2023-05-10T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645b7482acef7_IMG-20230510-WA0217.jpg"
keywords: []
---

# മലബാറിന്റെ കൈത്തറിപ്പെരുമയുടെ കഥ പറയുന്ന ‘കൈത്തറി മ്യൂസിയം’ ഒരുങ്ങി

> **Lead Summary:** **കണ്ണൂർ:** മലബാറിന്റെ കൈത്തറിപ്പെരുമയുടെ കഥ പറയുന്ന ‘കൈത്തറി മ്യൂസിയം’ ഒരുങ്ങി. പയ്യാമ്പലം ഹാൻവീവ് കോംപൗണ്ടിലാണ് മ്യൂസിയം സ്ഥാപിച്ചത്. സംസ്ഥാന സർക്കാരിന്റെ മ്യൂസിയം വകുപ്പ് ഒരു കോടി 80 ലക്ഷം രൂപ ചെലവിട്ടാണു മ്യൂസിയം പണിതത്. 16ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ:** മലബാറിന്റെ കൈത്തറിപ്പെരുമയുടെ കഥ പറയുന്ന ‘കൈത്തറി മ്യൂസിയം’ ഒരുങ്ങി. പയ്യാമ്പലം ഹാൻവീവ് കോംപൗണ്ടിലാണ് മ്യൂസിയം സ്ഥാപിച്ചത്. സംസ്ഥാന സർക്കാരിന്റെ മ്യൂസിയം വകുപ്പ് ഒരു കോടി 80 ലക്ഷം രൂപ ചെലവിട്ടാണു മ്യൂസിയം പണിതത്. 16ന് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും.

നാടിന്റെ ചരിത്രത്തിലും പൈതൃകത്തിലും സാമ്പത്തിക വിപണന രംഗങ്ങളിലും ഇഴ പിരിയാതെ കെട്ടു പിണഞ്ഞു കിടക്കുന്ന പാരമ്പര്യം മ്യൂസിയത്തിൽ അനാവരണം ചെയ്യും. സൗകര്യങ്ങൾ ഇങ്ങനെ മ്യൂസിയത്തിൽ 10 ഗ്യാലറികളുണ്ട്. മ്യൂസിയം സന്ദർശിക്കുന്നവർക്കു കൃത്യമായ വിവരങ്ങൾ ലഭ്യമാക്കും.

ഒന്നാമത്തെ ഗാലറിയിൽ വസ്ത്രത്തിന്റെ ഉത്ഭവം വിവരിക്കുന്നു. രണ്ടാമത്തേതിൽ കൈത്തറിയുടെ ഉത്ഭവം, മൂന്നാമത്തേതിൽ ഓടങ്ങളുടെ ഉത്ഭവവും വിശദമായുണ്ടാകും. ഇന്ത്യൻ വസ്ത്രത്തെക്കുറിച്ച് വിദേശ സഞ്ചാരികൾ, പ്രമുഖർ എന്നിവരുടെ അഭിപ്രായങ്ങൾ, സംഘകാല ഘട്ടം, അർഥ ശാസ്ത്രം എന്നിവയുടെ പരാമർശമാണു ഗാലറി നാലിലെ ഉള്ളടക്കം. അഞ്ചാമത്തെ ഗ്യാലറിയിലാവട്ടെ പരമ്പരാഗത വസ്ത്രത്തെക്കുറിച്ചും കണ്ണൂരിലെ കൈത്തറിയെക്കുറിച്ചും പറയും.

രാജ്യത്തെ പേരു കേട്ട വസ്ത്ര ഇനങ്ങളെക്കുറിച്ചും ബാസൽ മിഷൻ മലബാറിലെ കൈത്തറിയെ സ്വാധീനിച്ചതിനെ കുറിച്ചുമുള്ള പരാമർശങ്ങളാണ് ആറാം ഗാലറിയിലെ ഉള്ളടക്കം. കുഴിത്തറിയും ചട്ടത്തറി ഫ്രെയിമും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ദേശീയ പ്രസ്ഥാനം കൈത്തറി മേഖലയെ സ്വാധീനിച്ചതിനെക്കുറിച്ച് ഏഴാം ഗാലറിയും കേരള നവോത്ഥാനത്തിൽ കൈത്തറി മേഖലയുടെ സ്വാധീനം എട്ടാം ഗാലറിയും സഹകരണ മേഖലയിലെ കൈത്തറിയെക്കുറിച്ചും ജില്ലയിലെ നെയ്ത്ത് തെരുവുകളെക്കുറിച്ചും ഒൻപതാം ഗാലറിയും പുതിയ കാലഘട്ടത്തെ കൈത്തറിയെക്കുറിച്ച് പത്താമത്തെ ഗാലറിയും വിശദമായ വിവരം സന്ദർശകർക്കു തരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/113867/handloom-museum)