---
title: "ഡോ. വന്ദനയ്ക്ക് നാടിന്റെ യാത്രാമൊഴി: സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി"
english_title: "Dr. Vandana's farewell to Nadi: The funeral rites have been completed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114102/dr-vandanas-farewell-to-nadi-the-funeral-rites-have-been-completed"
published_at: "2023-05-11T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645cbeaaa447e_Screenshot_2023-05-11-15-24-17-18_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഡോ. വന്ദനയ്ക്ക് നാടിന്റെ യാത്രാമൊഴി: സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി

> **Lead Summary:** **കോട്ടയം**: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്.വന്ദനയുടെ അച്ഛനും അമ്മയും അവസാന ചുംബനം നൽകാനെത്തിയ ദൃശ്യങ്ങൾ കണ്ടുനിന്നവർക്ക് നോവായി. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് കോട്ടയം കടത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലെത്തിയവർ സാക്ഷികളായത്.

## Article Content

**കോട്ടയം**: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അധ്യാപകന്റെ കുത്തേറ്റ് മരിച്ച ഡോ. വന്ദനാ ദാസിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകൻ നിവേദാണ് ചിതയ്ക്ക് തീക്കൊളുത്തിയത്.വന്ദനയുടെ അച്ഛനും അമ്മയും അവസാന ചുംബനം നൽകാനെത്തിയ ദൃശ്യങ്ങൾ കണ്ടുനിന്നവർക്ക് നോവായി. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് കോട്ടയം കടത്തുരുത്തി മുട്ടുച്ചിറയിലെ വീട്ടുവളപ്പിലെത്തിയവർ സാക്ഷികളായത്.

ആയിരങ്ങളാണ് വീട്ടിലെ പൊതുദർശനത്തിൽ വന്ദനയെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മന്ത്രി വി.എൻ. വാസവൻ, റോഷി അഗസ്റ്റിൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ ഇന്നലെ രാത്രി തന്നെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരൻ, സ്പീക്കർ എ.എൻ. ഷംസീർ, ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ വ്യാഴാഴ്ച വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.

മുന്നറിയിപ്പില്ലാതെയാണ് മന്ത്രി വീണാ ജോർജ് വന്ദനയ്ക്ക് അന്തിമോപചാരം അർപിക്കാൻ എത്തിയത്. വന്ദനയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ അവർ മടങ്ങി. കുടുംബത്തിന്റെ ഏകമകളുടെ നഷ്ടം നികത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു.

ഡോ. വന്ദനയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി കടുത്തുരുത്തിയിൽ വ്യാഴാഴ്ച പോലീസ് ഗതാഗത നിയന്ത്രണം   ഏർപെടുത്തിയിരുന്നു. മന്ത്രിമാർക്കുനേരേ പ്രതിഷേധമുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിരുന്നു. പ്രത്യേകമായി പോലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. വീട്ടിലും ബാരിക്കേഡ് സംവിധാനമൊരുക്കി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്, വൈക്കം എ.എസ്.പി. നകുൽ രാജേന്ദ്ര ദേശമുഖ് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114102/dr-vandanas-farewell-to-nadi-the-funeral-rites-have-been-completed)