---
title: " പ്രതിഷേധ സമരം പിൻവലിച്ചു."
english_title: "The protest was called off. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114177/the-protest-was-called-off"
published_at: "2023-05-11T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645d1404942af_kj.jpg"
keywords: []
---

#  പ്രതിഷേധ സമരം പിൻവലിച്ചു.

> **Lead Summary:** **തിരുവനന്തപുരം: **ഡോ. വന്ദന ദാസ്​ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ.​ മെഡിക്കൽ ഓഫിസേഴ്​സ്​​ അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രഖ്യാപിച്ച 48 മണിക്കൂർ പ്രതിഷേധ സമരം പിൻവലിച്ചു. ഉന്നതതല യോഗത്തിൽ മുന്നോട്ട് വെച്ച ആവശ്യങ്ങൾ സംബന്ധിച്ചുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചതെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. ഡോക്ടർമാർ നാളെ മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കും.

## Article Content

**തിരുവനന്തപുരം: **ഡോ. വന്ദന ദാസ്​ കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ.​ മെഡിക്കൽ ഓഫിസേഴ്​സ്​​ അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രഖ്യാപിച്ച 48 മണിക്കൂർ പ്രതിഷേധ സമരം പിൻവലിച്ചു. ഉന്നതതല യോഗത്തിൽ മുന്നോട്ട് വെച്ച ആവശ്യങ്ങൾ സംബന്ധിച്ചുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലാണ് സമരം പിൻവലിച്ചതെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. ഡോക്ടർമാർ നാളെ മുതൽ ഡ്യൂട്ടിയിൽ പ്രവേശിക്കും.

അതേസമയം, തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായി ഉറപ്പാക്കുന്നതു വരെ വി.ഐ.പികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും വിട്ടു നിൽക്കുമെന്ന് കെ.ജി.എം.ഒ.എ വ്യക്തമാക്കി. എന്നാൽ, ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ.ജി.എം.ഒ.എ കൂട്ടിച്ചേർത്തു. സമരം പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനം പിന്നീടെന്ന് ഐ.എം.എ അറിയിച്ചു. ഡോ. വന്ദന ദാസ്​ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചും

ആശുപത്രികളിൽ ഡോക്ടർമാർക്ക്​ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ്​ ഐ.എം.എ, കെ.ജി.എം.ഒ.എ ഉൾപ്പെടെ ഡോക്ടർമാരുടെ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം പ്രഖ്യാപിച്ചത്. അത്യാഹിത വിഭാഗം ഒഴികെ മറ്റെല്ലാം സ്തംഭിപ്പിച്ചായിരുന്നു​ ഡോക്ടർമാർ പ്രതിഷേധിച്ചത്​.

ആശുപത്രികളിൽ ഡോക്ടർമാർക്ക്​ സംരക്ഷണം ഉറപ്പുവരുത്തുക, ആശുപത്രി സംരക്ഷണ നിയമം ഓർഡിനൻസായി ഉടൻ ഇറക്കുക തുടങ്ങിയ ആവശ്യങ്ങളാണ്​ ഉന്നയിച്ചത്​. പി.ജി ഡോക്ടർമാരുടെയും ഹൗസ്​ സർജൻമാരുടെയും നേതൃത്വത്തിലും മെഡിക്കൽ കോളജുകൾക്ക്​ മുന്നിലും പ്രതിഷേധം അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114177/the-protest-was-called-off)