---
title: "ജനറൽ ആസ്പത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റുണ്ട് : തുറക്കാറില്ല "
english_title: "Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114280/thalassery"
published_at: "2023-05-12T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ded9e9a021_IMG-20230512-WA0034.jpg"
keywords: []
---

# ജനറൽ ആസ്പത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റുണ്ട് : തുറക്കാറില്ല 

> **Lead Summary:**  **തലശ്ശേരി** : തലശ്ശേരി ജനറൽ ആസ്പത്രിയിൽ കയറുമ്പോൾ തന്നെ പോലീസ് എയ്ഡ് പോസ്റ്റ് എന്നെഴുതിയ ചെറിയ മുറി കാണാം. പക്ഷേ, ഇത് വർഷങ്ങളായി തുറക്കാറില്ല. ആസ്പത്രിയിൽ പ്രശ്‌നങ്ങൾ ഉണ്ടായാൽ തലശ്ശേരി പോലീസിനെ വിളിക്കണം. പോലീസ് എത്തുന്നത് വരെ കാത്തുനിൽക്കണം. കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സാഹചര്യത്തിൽ ജനറൽ ആസ്പത്രിയിലെ എയ്ഡ് പോസ്റ്റ് തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യമുയരുകയാണ്.

## Article Content

 **തലശ്ശേരി** : തലശ്ശേരി ജനറൽ ആസ്പത്രിയിൽ കയറുമ്പോൾ തന്നെ പോലീസ് എയ്ഡ് പോസ്റ്റ് എന്നെഴുതിയ ചെറിയ മുറി കാണാം. പക്ഷേ, ഇത് വർഷങ്ങളായി തുറക്കാറില്ല. ആസ്പത്രിയിൽ പ്രശ്‌നങ്ങൾ ഉണ്ടായാൽ തലശ്ശേരി പോലീസിനെ വിളിക്കണം. പോലീസ് എത്തുന്നത് വരെ കാത്തുനിൽക്കണം. കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സാഹചര്യത്തിൽ ജനറൽ ആസ്പത്രിയിലെ എയ്ഡ് പോസ്റ്റ് തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യമുയരുകയാണ്.

എയ്ഡ് പോസ്റ്റ് പൂട്ടിയിട്ട് നാലുവർഷത്തിൽ കൂടുതലായതായി ആസ്പത്രി ജീവനക്കാർ പറയുന്നു. ആസ്പത്രിയിൽ സുരക്ഷാജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും തമ്മിൽ തർക്കം പതിവാണ്. ആസ്പത്രിയിൽ അടുത്തിടെ സുരക്ഷാജീവനക്കാരനെ കൈയേറ്റം ചെയ്യൽ, വനിതാഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമം എന്നിവ ഉണ്ടായപ്പോഴെല്ലാം പോലീസ് വരുന്നത് വരെ കാത്തുനിൽക്കുകയാണ് ചെയ്തത്. മൂന്ന് മാസം മുൻപ് അത്യാഹിത വിഭാഗത്തിൽ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമം നടന്നു. അതിക്രമം നടത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ കോടതി ഉടൻ ജാമ്യം നൽകി. ഇത് ജീവനക്കാരിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു. ദിവസം 1200 മുതൽ 1300 വരെ രോഗികൾ ഒ.പി.യിലും 150 രോഗികളെ കിടത്തിയും ചികിത്സിക്കുന്ന ആസ്പത്രിയാണിത്. എയ്ഡ് പോസ്റ്റ് പ്രവർത്തിച്ചിരുന്ന സമയത്ത് കൃത്യമായി പ്രവർത്തിച്ചിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്. എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിൽ മുഴുവൻ സമയം വേണമെന്നാണ് ആസ്പത്രി അധികൃതരുടെ ആവശ്യം. അത്യാഹിതവിഭാഗത്തിന് മുന്നിൽ സായുധ പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങണമെന്ന് ആസ്പത്രി ആർ.എം.ഒ. ഡോ. വി.എസ്. ജിതിൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114280/thalassery)