---
title: "പരാതി പരിഹാരത്തിന് ജില്ലാ തലത്തിൽ സ്ഥിരം സംവിധാനം ഒരുക്കും: മന്ത്രി കെ രാധാകൃഷ്ണൻ"
english_title: "K radhakrishnan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114322/k-radhakrishnan"
published_at: "2023-05-12T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e126598782_Screenshot_2023-05-12-15-38-03-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പരാതി പരിഹാരത്തിന് ജില്ലാ തലത്തിൽ സ്ഥിരം സംവിധാനം ഒരുക്കും: മന്ത്രി കെ രാധാകൃഷ്ണൻ

> **Lead Summary:** പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ സ്ഥിരം സംവിധാനമായി ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് പട്ടിക ജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' പയ്യന്നൂർ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ സ്ഥിരം സംവിധാനമായി ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് പട്ടിക ജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' പയ്യന്നൂർ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അദാലത്തിൽ പരിഹരിച്ച ശേഷം പിന്നീട് പരാതികൾ കുമിഞ്ഞു കൂടുന്നത് ഒഴിവാക്കാൻ സ്ഥിരം സംവിധാനം സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. മനുഷ്യരുടെ മനസ്സിൽ സ്നേഹവും വിട്ടുവീഴ്ചയും ഉണ്ടെങ്കിൽ വലിയ അളവോളം പരാതികൾ പരിഹരിക്കാൻ കഴിയും. ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്ന പരാതി പോലും പരിഹരിക്കാൻ മാസങ്ങളും വർഷങ്ങളും വരെ എടുക്കുന്നുണ്ട്.

പരാതികൾ പരിഹരിക്കാതെ നീട്ടുക എന്ന ശീലം മാറ്റാൻ കഴിയണം. പരാതി പരിഹരിക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് അദാലത്തിലൂടെ കാണാൻ കഴിയുന്നത്. അദാലത്തിലൂടെ മാത്രം കഴിയുന്ന ഒന്നല്ല പരാതി പരിഹാരമെന്നും മന്ത്രി പറഞ്ഞു. പയ്യന്നൂർ ബോയ്സ് ഹൈസ്‌കൂളിൽ നടന്ന അദാലത്തിൽ ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷനായി.

എം വിജിൻ എം എൽ എ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത, പയ്യന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി വി വത്സല, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാരായ എം ശ്രീധരൻ (ചെറുതാഴം), എ പ്രാർത്ഥന (കുഞ്ഞിമംഗലം), പി ഗോവിന്ദൻ (ഏഴോം), കെ സഹീദ് (മാടായി), ടി സുലജ (കടന്നപ്പള്ളി-പാണപ്പുഴ), ടി രാമചന്ദ്രൻ (എരമം-കുറ്റൂർ), എം വി സുനിൽ കുമാർ (കാങ്കോൽ-ആലപ്പടമ്പ), എം ഉണ്ണികൃഷ്ണൻ ( പെരിങ്ങോം ), കെ എഫ് അലക്സാണ്ടർ ( ചെറുപുഴ), പയ്യന്നൂർ തഹസിൽദാർ എം കെ മനോജ്‌ കുമാർ എന്നിവർ സംസാരിച്ചു.

680 പരാതികളാണ് അദാലത്തിലേക്ക് ഓൺലൈനായി ലഭിച്ചത്. ഇതിൽ അഞ്ച് കുടുംബങ്ങൾക്ക് കൈവശഭൂമിയുടെ പട്ടയവും മൂന്ന് പേർക്ക് ലൈഫ് മിഷൻ വീടുകളുടെ താക്കോലും അദാലത്തിൽ മന്ത്രി കെ രാധാകൃഷ്ണൻ വിതരണം ചെയ്തു. ഗുരുതര രോഗം മൂലം പ്രത്യേക പരിഗണന നൽകി 17 പേർക്ക് അനുവദിച്ച മുൻഗണനാ റേഷൻ കാർഡുകളും അദാലത്തിൽ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114322/k-radhakrishnan)