---
title: "റോഡിൽ ഗതാഗതതടസ്സം കാരണം ജനം വലയുന്നു"
english_title: "Roadblock"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114813/roadblock"
published_at: "2023-05-15T09:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6461ab3478de4_IMG-20230515-WA0004.jpg"
keywords: []
---

# റോഡിൽ ഗതാഗതതടസ്സം കാരണം ജനം വലയുന്നു

> **Lead Summary:** **കണ്ണൂർ :** താണമുതൽ താഴെചൊവ്വവരെയുള്ള റോഡിൽ ഗതാഗതതടസ്സം കാരണം ജനം വലയുന്നു. കണ്ണൂരിൽനിന്ന് താഴെചൊവ്വയെത്താൻ മിക്ക സമയത്തും ഏറെ സമയമെടുക്കുന്നു. ചില ദിവസങ്ങളിൽ ഒരുമണിക്കൂറോളം വേണ്ടിവരുന്നു. താണ കഴിഞ്ഞ് കണ്ണോത്തുംചാൽ, മേലെചൊവ്വ വഴി താഴെചൊവ്വ എത്താനാണ് ഈ പെടാപ്പാട്. നടന്നാൽ 20 മിനിറ്റ് കൊണ്ട് എത്താൻ പറ്റുന്ന ദൂരമാണിത്.

## Article Content

**കണ്ണൂർ :** താണമുതൽ താഴെചൊവ്വവരെയുള്ള റോഡിൽ ഗതാഗതതടസ്സം കാരണം ജനം വലയുന്നു. കണ്ണൂരിൽനിന്ന് താഴെചൊവ്വയെത്താൻ മിക്ക സമയത്തും ഏറെ സമയമെടുക്കുന്നു. ചില ദിവസങ്ങളിൽ ഒരുമണിക്കൂറോളം വേണ്ടിവരുന്നു. താണ കഴിഞ്ഞ് കണ്ണോത്തുംചാൽ, മേലെചൊവ്വ വഴി താഴെചൊവ്വ എത്താനാണ് ഈ പെടാപ്പാട്. നടന്നാൽ 20 മിനിറ്റ് കൊണ്ട് എത്താൻ പറ്റുന്ന ദൂരമാണിത്.

കണ്ണൂർ-താഴെചൊവ്വ ദേശീയപാതയിൽ കുരുക്കുണ്ടാകുന്നതോടെ അനുബന്ധ റോഡുകളിലേക്കും ഗതാഗതതടസ്സം നീളുന്നു. *ബൈപ്പാസ് റോഡിലും കുരുക്ക്* താഴെചൊവ്വയിൽനിന്ന് ചാലയിലേക്ക് പോകുന്ന റോഡിലും കുരുക്കുതന്നെ. പുതിയ പാതയുടെ പണി നടക്കുന്ന ബൈപ്പാസിന്റെ പല ഭാഗത്തും വാഹനങ്ങൾ കടന്നുപോകാൻ പ്രയാസം നേരിടുന്നു. താഴെചൊച്ച റെയിൽവെ ഗേറ്റ് അടയ്ക്കുന്ന സമയത്ത് പരിസരത്താകെ വാഹനങ്ങൾ നിശ്ചലമാകുന്നു. താഴെചൊവ്വയിൽ നിരവധി വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നുണ്ടെന്ന് ഡ്രൈവർമാർ പറയുന്നു. താഴെചൊവ്വ ഗേറ്റ് അടയ്ക്കുമ്പോൾ കീഴ്ത്തള്ളി ഓവുപാലം റെയിൽവെ അടിപ്പാത വഴിയാണ് വാഹനങ്ങൾ പോകുന്നത്. ഇവിടെ ബിവറേജസ് കോർപ്പറേഷന്റെ മദ്യഷോപ്പ് പുതുതായി ആരംഭിച്ചിട്ടുണ്ട്. ടൗണിലെ മദ്യവില്പനശാല ഏതാനും മാസം മുൻപാണ് ഇങ്ങോട്ട് മാറ്റിയത്. മദ്യഷോപ്പിൽ എത്തുന്നവരുടെ വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നതും കുരുക്കിന് കാരണമാകുന്നു. താഴെചൊവ്വ റെയിവേ ഗേറ്റ് അറ്റകുറ്റപ്പണിക്കും മറ്റുമായി പലപ്പോഴും അടച്ചിടാറുണ്ട്. ഗേറ്റ് അടച്ചാൽ കുരുക്ക് മേലെചൊവ്വവരെ നീളുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114813/roadblock)