---
title: "ഡോ.വന്ദനദാസിനെ കൊലപ്പെടുത്തിയ സംഭവം: പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും"
english_title: "Dr. Vandanadas murder case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115080/dr-vandanadas-murder-case"
published_at: "2023-05-16T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6463197c52c49_Screenshot_2023-05-16-11-12-56-19_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഡോ.വന്ദനദാസിനെ കൊലപ്പെടുത്തിയ സംഭവം: പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും

> **Lead Summary:** ഡോ.വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷന്‍ വാറണ്ട് പോലീസ് കോടതിയില്‍ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.

## Article Content

ഡോ.വന്ദനദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും. പ്രതിക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രൊഡക്ഷന്‍ വാറണ്ട് പോലീസ് കോടതിയില്‍ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര കോടതി പ്രതിയെ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.

സന്ദീപിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കോടതിയുടെ നിര്‍ദേശ പ്രകാരം പ്രതിയുടെ രക്ത സാമ്പിള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റം ഇഷ്ടപ്പെടാതിരുന്നത് കൊണ്ടാണ് അക്രമിച്ചതെന്നാണ് കഴിഞ്ഞ ദിവസം സന്ദീപ് ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്.

ഇക്കാര്യം അന്വേഷണ സംഘം പൂര്‍ണമായും വിശ്വസിക്കുന്നില്ല. കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ അക്രമത്തിലേക്ക് നയിച്ച കാരണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍. ഡോ. വന്ദനദാസ് കൊലപാതകത്തിലെ പ്രതി സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ജയിലിലെത്തിയാണ് സന്ദീപിനെ പരിശോധിച്ചത്. ഡോ. അരുണ്‍ ആണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. ആശുപത്രിയില്‍ കൊണ്ടു പോയി ചികിത്സിക്കേണ്ട മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. സന്ദീപ് എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായി പ്രതികരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115080/dr-vandanadas-murder-case)