---
title: "ഭൂഗർഭ ജലവിതാനം അപകടകരമാം വിധം താഴുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ജല ബജറ്റ് തയ്യാറാക്കുന്നു"
english_title: "Preparation of water budget in Panur Block Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115604/preparation-of-water-budget-in-panur-block-panchayat"
published_at: "2023-05-18T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6465ff563e244_IMG-20230518-WA0019.jpg"
keywords: []
---

# ഭൂഗർഭ ജലവിതാനം അപകടകരമാം വിധം താഴുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ജല ബജറ്റ് തയ്യാറാക്കുന്നു

> **Lead Summary:** ഭൂഗർഭ ജലവിതാനം അപകടകരമാം വിധം താഴുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ജല ബജറ്റ് തയ്യാറാക്കുന്നു. നവകേരളം കർമ്മ പദ്ധതിയിൽപ്പെടുത്തി ഹരിതകേരളം മിഷന്റെയും, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജല ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ബ്ലോക്ക് തല ശില്പശാല പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു.

## Article Content

ഭൂഗർഭ ജലവിതാനം അപകടകരമാം വിധം താഴുന്ന പാനൂർ ബ്ലോക്ക് പഞ്ചായത്തിൽ ജല ബജറ്റ് തയ്യാറാക്കുന്നു. നവകേരളം കർമ്മ പദ്ധതിയിൽപ്പെടുത്തി ഹരിതകേരളം മിഷന്റെയും, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന ജല ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ബ്ലോക്ക് തല ശില്പശാല പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ വെച്ച് നടന്നു.

ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ആധികാരിക രേഖയാണ് ജല ബജറ്റ്. ഒരു പ്രദേശത്തെ ജലത്തിന്റെ വരവും ചെലവും തയ്യാറാക്കുന്നതിലൂടെ പ്രാദേശിക സർക്കാരുകൾക്ക് ജല വിഭവ ആസൂത്രണത്തിലേക്കും കൃത്യതയോടെയുള്ള ജലസംരക്ഷണ പ്രവർത്തനങ്ങളിലേക്കും നീങ്ങാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന നേട്ടം.

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കൊപ്പം വിവിധ വകുപ്പുകളിലേയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേയും ഹരിതകേരളം മിഷനിലേയും വിദഗ്ധർ ഉൾപ്പെടുന്ന സാങ്കേതിക സംഘമാണ് ജലബജറ്റ് തയ്യാറാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരിതകേരളം മിഷൻ ജില്ലാ കോ -ഓർഡിനേറ്റർ സി. കെ. സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി.

സയന്റിസ്റ്റ് ഡോ. ബി. വിവേക് വിഷയാവതരണം നടത്തി. വൈസ് പ്രസിഡന്റ്‌ ടി. ടി. റംല, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശ്‌ കണ്ടോത്ത്, ബ്ലോക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷൻ സജീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌മാരും ഗ്രാമ -ബ്ലോക്ക് തല ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു. ബി. ഡി. ഒ.ടി. വി. സുഭാഷ് സ്വാഗതവും ജി. ഇ. ഒ . സുജിത്ത് കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115604/preparation-of-water-budget-in-panur-block-panchayat)