---
title: "പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ റദ്ദാക്കും വരെ കർഷക സമരം തുടരും "
english_title: "The farmers' strike will continue until the laws are repealed in Parliament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11577/the-farmers-strike-will-continue-until-the-laws-are-repealed-in-parliament"
published_at: "2021-11-19T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61973a7383fdd_images (9).jpeg"
keywords: []
---

# പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ റദ്ദാക്കും വരെ കർഷക സമരം തുടരും 

> **Lead Summary:** ദില്ലി: വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരും.

## Article Content

ദില്ലി: വിവാദ കാർഷിക നിയമങ്ങൾ പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ. നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങള്‍ മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ പരിഹാരം വേണം. സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഇതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കിസാന്‍ മോര്‍ച്ച ഇന്ന് യോ​ഗം ചേരും.

അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. പാര്‍ലമെന്‍റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷമായിരിക്കും സമരം നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറഞ്ഞു. ജനീകയ സമരത്തിന്‍റെ വിജയമെന്നായിരുന്നു കൃഷിമന്ത്രി പി പ്രസാദിന്‍റെ പ്രതികരണം പറഞ്ഞു. 

ഒരു വർഷം നീണ്ടുനിന്ന കർഷകരുടെ സമരത്തിന് പിന്നാലെയാണ് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഗുരുനാനാക്ക് ദിനത്തിലാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക പ്രഖ്യാപനം. സമരം അവസാനിപ്പിക്കണമെന്നും കർഷകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുമെന്നും നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിൻവലിക്കാൻ തീരുമാനമെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു.

കർഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായി. കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നൽകുന്നത്. ഉൽപ്പന്നങ്ങളുടെ താങ്ങുവിലയടക്കം പരിശോധിക്കാൻ പ്രത്യേക സമിതി നിലവിൽ വരും. കേന്ദ്ര സർക്കാരിന്റെയും കർഷക സംഘടനകളുടെയും പ്രതിനിധികൾക്ക് സമതിയിൽ പ്രാതിനിധ്യമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കടുത്ത തണുപ്പിനെയും ചൂടിനെയും അവഗണിച്ചാണ് കർഷകർ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നതിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും കര്‍ഷകര്‍ തെരുവിൽ സമരം ചെയ്തത്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നിയമങ്ങൾക്കെതിരെ സമര രംഗത്തെത്തി. എന്നാൽ സമരവേളയിലെല്ലാം കർഷകരെ തള്ളിയും പരിഹസിച്ചുമാണ് മുതിർന്ന കേന്ദ്രമന്ത്രിമാരടക്കം പ്രതികരിച്ചത്. ഒടുവിൽ കേന്ദ്ര സർക്കാരിന് രാജ്യത്തെ കർഷകർക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു. രാജ്യത്തെ കർഷകരുടെ സത്യഗ്രഹത്തിന് മുന്നിൽ ധാർഷ്ട്യം തല കുനിച്ചുവെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11577/the-farmers-strike-will-continue-until-the-laws-are-repealed-in-parliament)