---
title: "ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വൻ ജനാവലിയോടെ സംസ്കരിച്ചു"
english_title: "Albert August's body was cremated with a large crowd"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115971/albert-augusts-body-was-cremated-with-a-large-crowd"
published_at: "2023-05-20T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64687e116dbb9_Screenshot_2023-05-20-13-23-50-38_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വൻ ജനാവലിയോടെ സംസ്കരിച്ചു

> **Lead Summary:** **കണ്ണൂർ:** സുഡാനിൽ സൈനികരും വിമത സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മരിച്ച ആലക്കോട് നെല്ലിപ്പാറ സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വൻ ജനാവലിയോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഇടവകയായ നെല്ലിപ്പാറ തിരുകുടുംബ പള്ളിയിലാണ് സംസ്കരിച്ചത്.

## Article Content

**കണ്ണൂർ:** സുഡാനിൽ സൈനികരും വിമത സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ വെടിയേറ്റ് മരിച്ച ആലക്കോട് നെല്ലിപ്പാറ സ്വദേശി ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം വൻ ജനാവലിയോടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഇടവകയായ നെല്ലിപ്പാറ തിരുകുടുംബ പള്ളിയിലാണ് സംസ്കരിച്ചത്.

പുലർച്ചെ ഒന്നോടെയാണ് മൃതദേഹം വീട്ടിലെത്തിയത്. ഇടവക വികാരി ഫാ. ജോർജ് തൈക്കുന്നം പുറം, മേരിഗിരി ഫൊറോന വികാരി ഫാ.ഏബ്രഹാം മഠത്തിമ്യാലിൽ എന്നിവർ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഏപ്രിൽ 15നാണ് സുഡാനിലെ ഫ്ലാറ്റിൽവച്ച് ആൽബർട്ട് വെടിയേറ്റു മരിച്ചത്. സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിലെ ഫ്ലാറ്റിന്റെ ജനലരികിൽ ഇരുന്ന് മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് വെടിയേറ്റത്.

സംഘർഷം രൂക്ഷമായതോടെ ഭാര്യ സൈബല്ലയും മകളും ഫ്ലാറ്റിലെ ബേസ്മെന്റിൽ അഭയം തേടി. എംബസിയുടെ സഹായത്തോടെ മൂന്നുദിവസം കഴിഞ്ഞാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. സൈബല്ലയെയും മകളെയും ഏപ്രിൽ 27ന് നാട്ടിലെത്തിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115971/albert-augusts-body-was-cremated-with-a-large-crowd)