---
title: "കേരളത്തിൽ കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത: സംസ്ഥാനത്ത് ഇന്നും 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/115992/rain"
published_at: "2023-05-20T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646892e6e0693_images_(5).jpeg"
keywords: []
---

# കേരളത്തിൽ കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് സാധ്യത: സംസ്ഥാനത്ത് ഇന്നും 6 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ. കാലവർഷത്തിന് മുൻപ് കേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തവണ വൈകി ജൂൺ നാലിനേ കാലവർഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവർഷം വൈകാൻ കാരണം.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗത്തിന് വരെ സാധ്യതയെന്ന് വിദഗ്ധർ. കാലവർഷത്തിന് മുൻപ് കേരളത്തിലെ മലയോര മേഖലകളിൽ കനത്ത മഴയുണ്ടാകുമെന്നും കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കുന്നു. ഇത്തവണ വൈകി ജൂൺ നാലിനേ കാലവർഷമെത്തൂ എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എൽ നിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റുമാണ് കാലവർഷം വൈകാൻ കാരണം.

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കേരളത്തിലൂടെയാണ് കാലവർഷം വടക്കേ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. ഇതാണ് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണതരംഗമുണ്ടാകാൻ കാരണം. 96 ശതമാനം മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. എന്നാൽ മഴ കുറയുമെന്നാണ് ചില സ്വകാര്യ കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുള്ള പശ്ചാത്തലത്തിൽ കൃത്യമായ മുൻകരുതൽ വേണമെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം, സംസ്ഥാനത്ത് ചൂടിന് ശമനമില്ല. ആറ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പായ യെല്ലോ അലർട്ട് തുടരുകയാണ്. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ  4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട്  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയാകാം.

കണ്ണൂർ, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴ കിട്ടും. അതേസമയം, കാലവർഷം തെക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും നിക്കോബാർ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/115992/rain)