---
title: "ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത കല്യാശ്ശേരി ഹാജിമെട്ടയിലെ നിരവധി കുടുംബങ്ങൾ ആധിയിലാണ്‌."
english_title: "Many families in Kalyasseri Hajimetta, whose land was given away for the development of the National Highway, are in Adhi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116130/many-families-in-kalyasseri-hajimetta-whose-land-was-given-away-for-the-development-of-the-national-highway-are-in-adhi"
published_at: "2023-05-21T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646998c797c4b_dfgsdjk.jpg"
keywords: []
---

# ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത കല്യാശ്ശേരി ഹാജിമെട്ടയിലെ നിരവധി കുടുംബങ്ങൾ ആധിയിലാണ്‌.

> **Lead Summary:** **കല്യാശ്ശേരി :** ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത കല്യാശ്ശേരി ഹാജിമെട്ടയിലെ നിരവധി കുടുംബങ്ങൾ ആധിയിലാണ്‌. വീട്ടിലേക്കുള്ള വഴികൾമുട്ടിയതിന് പുറമേ ചില വീടും പരിസരവും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലും ആയതോടെ പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. കാലവർഷം മുന്നിലെത്തിനിൽക്കുമ്പോൾ വീട്ടുകാർ വീടിന്റെ നിലനിൽപ്പിനായി വഴിതേടുകയാണ്. രൂപരേഖപ്രകാരം പാതയ്ക്കായി ഭൂമി എടുക്കുമെന്നല്ലാതെ നാലും അഞ്ചും മീറ്റർ കിളച്ചുകോരി ഇത്രയും ദുരിതക്കയത്തിൽ ആക്കുമെന്ന് പലരും സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല.

## Article Content

**കല്യാശ്ശേരി :** ദേശീയപാതാ വികസനത്തിന് സ്ഥലം വിട്ടുകൊടുത്ത കല്യാശ്ശേരി ഹാജിമെട്ടയിലെ നിരവധി കുടുംബങ്ങൾ ആധിയിലാണ്‌. വീട്ടിലേക്കുള്ള വഴികൾമുട്ടിയതിന് പുറമേ ചില വീടും പരിസരവും ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലും ആയതോടെ പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. കാലവർഷം മുന്നിലെത്തിനിൽക്കുമ്പോൾ വീട്ടുകാർ വീടിന്റെ നിലനിൽപ്പിനായി വഴിതേടുകയാണ്. രൂപരേഖപ്രകാരം പാതയ്ക്കായി ഭൂമി എടുക്കുമെന്നല്ലാതെ നാലും അഞ്ചും മീറ്റർ കിളച്ചുകോരി ഇത്രയും ദുരിതക്കയത്തിൽ ആക്കുമെന്ന് പലരും സ്വപ്നത്തിൽപോലും ചിന്തിച്ചിരുന്നില്ല.

രാത്രിയിലാണ് കല്യാശ്ശേരി ഹാജിമെട്ട പ്രദേശം കിളച്ചുകോരി ആഴത്തിൽ മണ്ണെടുത്ത് മാറ്റിയത്. കല്യാശ്ശേരിയിലെ പഴയ രജിസ്ട്രാർ ഓഫീസ് മുതൽ പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് വരെയുള്ള പ്രദേശത്തിന്റെ ഇരുഭാഗത്തും 700 മീറ്റർ നീളത്തിൽ പഴയ പാതയുടെ ഇരുഭാഗത്തും താമസിക്കുന്നവരാണ് വെട്ടിലായത്. ഹാജിമെട്ടയിൽ പതിറ്റാണ്ടുകളായി താമസിക്കുന്നവരാണ് പുതിയ പാതാവികസനത്തിനിടയിൽ വലിയ ദുരിതം പേറുന്നത്. ഹാജിമെട്ടയിലെ വണ്ണാരത്ത് ശ്രീധരന്റെ പുരയിടത്തിലെ 13 സെന്റിൽ ആറുസെന്റും ദേശീയപാതയ്ക്ക് നൽകി. വീടോട് ചേർന്ന സ്ഥലംവരെ അഞ്ചുമീറ്റർ ആഴത്തിൽ കിളച്ചുകോരിയതോടെ വീട് വലിയ അപകടാവസ്ഥയിലായി. വീടിന്റ തറയടക്കം പുതിയ പാതയിലേക്ക് വീഴുന്ന അവസ്ഥയിലായതോടെ ലക്ഷങ്ങൾ ചെലവിട്ടാണ് ഇപ്പോൾ സംരക്ഷണഭിത്തിയൊരുക്കാൻ കുടുംബം ശ്രമിക്കുന്നത്.

ഇതുപോലെ തന്നെ പാതയുടെ മറുഭാഗത്തുള്ള സി. സുമയുടെ വീട്ടിലേക്കുള്ള വഴിയടഞ്ഞു. വീട് അപകടഭീഷണിയിലുമാണ്. പഴയ പാതയും സ്ഥലവും പൂർണമായി കിളച്ചുകോരിയതോടെ ഹാജിമെട്ട എന്ന ചരിത്രഭൂമിയും വിസ്മൃതിയിലായി. ഭൂനിരപ്പിൽനിന്ന്‌ മൂന്നുമുതൽ ഏഴുമീറ്റർവരെ ഉയരത്തിൽ അരക്കിലോമീറ്ററോളം ദൈർഘ്യമുളള പഴയ മെട്ടയാണ് പൂർണമായി പാതാ വികസനത്തിനായി വഴിമാറിക്കൊടുത്തത്. കണ്ണൂർ ബൈപ്പാസിലെ നിർദിഷ്ട ടോൾ പ്ലാസ ഹാജിമെട്ടയിൽ സ്ഥാപിക്കാനുള്ള നിർമാണവും പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116130/many-families-in-kalyasseri-hajimetta-whose-land-was-given-away-for-the-development-of-the-national-highway-are-in-adhi)