---
title: "ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ സഞ്ചാരി വിജയന്‍ അന്തരിച്ചു"
english_title: "Vijayan passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/11632/vijayan-passed-away"
published_at: "2021-11-19T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619767b7658c8_Screenshot_20211119_143023_com.facebook.katana.jpg"
keywords: []
---

# ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ സഞ്ചാരി വിജയന്‍ അന്തരിച്ചു

> **Lead Summary:** ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചായ വിറ്റ് കിട്ടിയ പണം സമ്പാദിച്ചുവെച്ച് യാത്ര പോകുന്ന ദമ്പതികളുടെ കഥ എല്ലാവര്‍ക്കും ആവേശം നല്‍കുന്ന ഒന്നായിരുന്നു.

## Article Content

ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചായ വിറ്റ് കിട്ടിയ പണം സമ്പാദിച്ചുവെച്ച് യാത്ര പോകുന്ന ദമ്പതികളുടെ കഥ എല്ലാവര്‍ക്കും ആവേശം നല്‍കുന്ന ഒന്നായിരുന്നു.

കൊച്ചികടവന്ത്രയ്ക്കടുത്ത് ഗാന്ധിനഗറില്‍ ശ്രീ ബാലാജി കോഫി ഹൗസെന്ന ചായക്കട നടത്തുന്ന വിജയന്‍ 16 വര്‍ഷം കൊണ്ട് ഭാര്യ മോഹനയോടൊപ്പം സന്ദര്‍ശിച്ചത് 26 രാജ്യങ്ങളാണ്. 2007 ലായിരുന്നു ആദ്യ വിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം. യാത്രയെ ജീവനുതുല്ല്യം സ്‌നേഹിക്കുന്നവരാണ് ഈ ദമ്പതികള്‍. കോഫി ഷോപ്പിലെ വരുമാനത്തില്‍ നിന്ന് ദിവസവും 300 രൂപ മാറ്റിവെച്ചും, അത്യാവശ്യത്തിന് ബാങ്ക് ലോണെടുത്തുമായിരുന്നു ഇവരുടെ യാത്രകള്‍.

യുഎസ്എ, സിങ്കപ്പൂര്‍, സ്വിറ്സ്റ്റ്റ്ലാൻഡ്, ബ്രസീല്‍, അര്‍ജന്റീന, ചിലി, ജര്‍മനി എന്നിങ്ങനെ നീളുന്നു യാത്ര ചെയ്ത രാജ്യങ്ങള്‍. അമേരിക്ക, സ്വിറ്റിസര്‍ലാന്‍ഡ്, സിങ്കപ്പൂര്‍ എന്നിവ യാത്ര ചെയ്തതില്‍ വച്ച് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങള്‍ ആയിരുന്നു. കഴിഞ്ഞ മാസം റഷ്യയിലേക്കാണ് ഭാര്യയുമൊത്ത് അവസാനമായി യാത്ര നടത്തിയത്.

ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകള്‍ വിജയനും മോഹനയും സന്ദര്‍ശിച്ച രാജ്യങ്ങളുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി യാത്രകള്‍ ചെയ്തിട്ടുള്ള ഇവര്‍ യാത്രാ പ്രേമികള്‍ക്കും എന്നും പ്രചോദനമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/11632/vijayan-passed-away)