---
title: "സംസ്ഥാനത്തിന്റെ അക്കാദമിക് നിലവാരം ഉയർന്നു : മുഖ്യമന്ത്രി"
english_title: "Pinaryi vijyan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116584/pinaryi-vijyan"
published_at: "2023-05-23T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c5ffad68f8_Screenshot_2023-05-23-12-05-15-39_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# സംസ്ഥാനത്തിന്റെ അക്കാദമിക് നിലവാരം ഉയർന്നു : മുഖ്യമന്ത്രി

> **Lead Summary:**  സംസ്ഥാനത്തിന്റെ അക്കാദമിക് നിലവാരം ഉയർന്നുവെന്നതിൻ്റെ സൂചകമാണ് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്പറം ഹയർ സെക്കന്ററി സ്കൂൾ 40ാം വാർഷികാഘോഷത്തിന്റെയും സ്കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അക്കാദമിക് നിലവാരത്തിന് അനുസൃതമായ രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.

## Article Content

 സംസ്ഥാനത്തിന്റെ അക്കാദമിക് നിലവാരം ഉയർന്നുവെന്നതിൻ്റെ സൂചകമാണ് ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മമ്പറം ഹയർ സെക്കന്ററി സ്കൂൾ 40ാം വാർഷികാഘോഷത്തിന്റെയും സ്കൂൾ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ അക്കാദമിക് നിലവാരത്തിന് അനുസൃതമായ രീതിയിൽ ഉന്നത വിദ്യാഭ്യാസ മേഖലയെ കരുത്തുറ്റതാക്കാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.

വിദ്യാഭ്യാസ മേഖലയിലെ സമഗ്രമായ പുരോഗതിയാണ് സംസ്ഥാന സർക്കാറിന്റെ ലക്ഷ്യം. എല്ലാ വിഭാഗം കുഞ്ഞുങ്ങൾക്കും പഠിക്കാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കും. സംസ്ഥാനത്ത് പാഠപുസ്തകത്തിനപ്പുറത്തുള്ള കാര്യങ്ങൾ കൂടെ പഠിക്കാനുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് ആവിഷ്കരിച്ചിട്ടുള്ളത്. എന്നാൽ രാജ്യത്ത് ചില മാറ്റങ്ങൾ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നുണ്ട്.

ചരിത്രത്തെ ചിലവർ വളച്ചൊടിക്കുന്നു. മഹാത്മാ ഗാന്ധിയെ കൊന്നതാണെന്നത് മറിച്ച് വെയ്ക്കുന്നു. ഗോഡ്സെക്ക് അമ്പലം പണിയുന്ന ഒരു കൂട്ടരെ നമ്മൾ കണ്ടു. ഇന്ത്യയുടെ സ്വാതന്ത്ര സമരത്തിൽ വിവിധ രീതിയിൽ ഒരേ ലക്ഷ്യത്തിന് എല്ലാവരും പങ്കെടുത്തു. എന്നാൽ അതിൽ നിന്നും ഒരു വിഭാഗം മാറി നിന്നു. ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ കൃത്യമായ ചരിത്രം പുതിയ തലമുറ പഠിക്കണം. നമ്മുടെ കുട്ടികൾക്ക് കൃത്യമായ ചരിത്രബോധം ഉണ്ടാക്കണം.

അതിന് വേണ്ടിയുള്ള ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. മത നിരപേക്ഷത, ജനാധിപത്യം എന്നിവ പഠിപ്പിക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനം വലിയ പങ്ക് വഹിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ വേണ്ട എന്ന് പറഞ്ഞ പാഠഭാഗങ്ങൾ കേരളത്തിൽ ഉൾകൊള്ളിക്കും. ഇത് കേരളമാണ് മതനിരപേക്ഷതയുടെ വിളനിലമാണ് കേരളമെന്നത് ഓർക്കണം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.

എം എൽ എ മാരായകെ പി മോഹനൻ , സജീവ് ജോസഫ് , മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്,വേങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, പഞ്ചായത്ത് അംഗം പി കെ ഇന്ദിര,  പ്രിൻസിപ്പാൾ കെ പി ശ്രീജ,പ്രധാന അധ്യാപകൻ കെ വി ജയരാജ് വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ മെമ്പറം  പി മാധവൻ, സ്കൂൾ പി ടി എ പ്രസിഡണ്ട് വി വി ദിവാകരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116584/pinaryi-vijyan)