---
title: "ആശങ്ക ഇരട്ടിയാക്കി തുരുത്തിയിലെ തോട് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൂർണമായി മൂടി"
english_title: "Pappinissery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116599/pappinissery"
published_at: "2023-05-23T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c6a032d91f_IMG-20230523-WA0030.jpg"
keywords: []
---

# ആശങ്ക ഇരട്ടിയാക്കി തുരുത്തിയിലെ തോട് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൂർണമായി മൂടി

> **Lead Summary:** **പാപ്പിനിശ്ശേരി** : പ്രദേശവാസികളുടെ ആശങ്ക ഇരട്ടിയാക്കി തുരുത്തിയിലെ തോട് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൂർണമായി മൂടി. മുടിയ തോടിന് മുകളിലൂടെ ഓവുചാലിന്റെ നിർമാണവും തുടങ്ങിയതോടെ വേളാപുരത്തുനിന്ന്‌ തുരുത്തിവരെ എത്തുന്ന തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടുമെന്നത് ഉറപ്പാണെന്നാണ് നാട്ടുകാർ പറയുന്നത്. നിർമാണത്തിന്റെ ഭാഗമായി തോട് ഭാഗികമായി മൂടിയപ്പോൾ പ്രദേശത്തെ വീട്ടമ്മമാരടക്കം സംഘടിച്ച് പ്രവൃത്തി തടഞ്ഞിരുന്നു.

## Article Content

**പാപ്പിനിശ്ശേരി** : പ്രദേശവാസികളുടെ ആശങ്ക ഇരട്ടിയാക്കി തുരുത്തിയിലെ തോട് ദേശീയപാത നിർമാണത്തിന്റെ ഭാഗമായി പൂർണമായി മൂടി. മുടിയ തോടിന് മുകളിലൂടെ ഓവുചാലിന്റെ നിർമാണവും തുടങ്ങിയതോടെ വേളാപുരത്തുനിന്ന്‌ തുരുത്തിവരെ എത്തുന്ന തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടുമെന്നത് ഉറപ്പാണെന്നാണ് നാട്ടുകാർ പറയുന്നത്. നിർമാണത്തിന്റെ ഭാഗമായി തോട് ഭാഗികമായി മൂടിയപ്പോൾ പ്രദേശത്തെ വീട്ടമ്മമാരടക്കം സംഘടിച്ച് പ്രവൃത്തി തടഞ്ഞിരുന്നു.

തുടർന്ന് പഞ്ചായത്തധികൃതരും പ്രശ്നം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ആശങ്കകൾക്ക് പരിഹാരം കാണാൻ പഞ്ചായത്ത് നേരിട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹൈക്കോടതിയിൽ കേസ് നിലനിൽക്കേ പ്രശ്നപരിഹാരം തേടി ദേശീയപാതാ അധികൃതർ പ്രദേശത്ത് നേരിട്ടെത്തി നീരൊഴുക്ക് സുഗമമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തിനും നാട്ടുകാർക്കും ഉറപ്പ് നൽകി. എന്നാൽ ആ ഉറപ്പ് കാറ്റിൽ പറത്തുന്ന നിലയാണിപ്പോൾ. കഴിഞ്ഞ ഏപ്രിൽ 14-ന് ദേശീയപാതാ അധികൃതർ പാപ്പിനിശ്ശേരിയിൽ നേരിട്ടെത്തിയാണ് നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ വിശദീകരിച്ചത്. എന്നാൽ ഉറപ്പ് നൽകി ആഴ്ചകൾക്കുശേഷം തോട് പൂർണമായി മൂടിക്കഴിഞ്ഞു. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയുടെ സങ്കേതികവിഭാഗം മേധാവി ജഗദീഷ് ഉൾപ്പെടെയുള്ള ഉന്നത സംഘമാണ് സന്ദർശിച്ചത്. തുരുത്തി ഭാഗത്ത് നികത്തിയ 140 മീറ്റർ തോടിനുപകരം നാലുവരിപ്പാത കടന്നുപോകുന്ന സ്ഥലത്തുകൂടിത്തന്നെ അതേ നീളത്തിൽ രണ്ടരമീറ്ററോളം വീതിയിൽ കലുങ്ക് നിർമിച്ച് തോടിന്റെ ഒഴുക്ക് നിലനിർത്തി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു ഉറപ്പ്. കാലവർഷം കനക്കുമ്പോൾ തോട്ടിലൂടെയുള്ള നീരൊഴുക്കും വെള്ളക്കെട്ടും മറ്റു ദുരിതങ്ങളും പ്രദേശവാസികളെ കാത്തിരിക്കുകയാണ്. അതോടൊപ്പം ഇപ്പോൾ നിർമിക്കുന്ന ഓവുചാലിലൂടെ മഴവെള്ളം ഒഴുകണമെങ്കിൽ തുരുത്തി ഭാഗം വെള്ളത്തിൽ മുങ്ങേണ്ടിവരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116599/pappinissery)