---
title: "കനത്ത മഴയിൽ പാനൂർ മേഖലയിൽ വൻ നാശനഷ്ടം "
english_title: "Pannor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116627/pannor"
published_at: "2023-05-23T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646c85787366b_Screenshot_2023-05-23-14-50-38-42_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കനത്ത മഴയിൽ പാനൂർ മേഖലയിൽ വൻ നാശനഷ്ടം 

> **Lead Summary:** കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ പാനൂർ മേഖലയിൽ കനത്ത നാശനഷ്ടം. കെ.എസ്.ഇ.ബിക്ക് മാത്രം ലക്ഷങ്ങളാണ് നഷ്ടമുണ്ടായത്.

## Article Content

കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിൽ പാനൂർ മേഖലയിൽ കനത്ത നാശനഷ്ടം. കെ.എസ്.ഇ.ബിക്ക് മാത്രം ലക്ഷങ്ങളാണ് നഷ്ടമുണ്ടായത്.

18 ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു. മനേക്കരയിൽ മാത്രം 8 ഓളം ഇലക്ട്രിക്ക് പോസ്റ്റുകൾ നിലംപൊത്തി. പ്രദേശത്ത് വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനായില്ല.

വടക്കേപന്ന്യന്നൂരിൽ തെങ്ങ് പൊട്ടിവീണ് വീടുകൾക്കും കേടുപാടുകളുണ്ടായി. മനേക്കര ബസ് സ്റ്റോപ്പിന് തൊട്ടു മുന്നിൽ കൂറ്റൻ തെങ്ങ് മുറിഞ്ഞ് വീണ് 6 ഹൈ ടെൻഷെൻ ഇലക്ട്രിക്ക് പോസ്റ്റും, 2 ലോവർ ടെൻഷൻ പോസ്റ്റുകളും തകർന്നു വീണു.

മനേക്കര ബസ് സ്റ്റോപ്പിന് മുൻവശത്തെ ആലക്കണ്ടി നാരായണിയുടെ വീട്ടുപറമ്പിലെ കൂറ്റൻ തെങ്ങാണ് പൊട്ടിവീണത്. കനത്ത മഴയെ തുടർന്ന് ബസ് സ്റ്റോപ്പിൽ നിരവധിയാളുകളുണ്ടായിരുന്നു.

ബസ് സ്റ്റോപ്പിന് തൊട്ടു മുന്നിലായാണ് തെങ്ങും, ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടിവീണത്. തലനാരിഴക്കാണ് വൻ ദുരന്തം വഴി മാറിയത്.

ഈ മേഖലയിൽ വൈദ്യുതബന്ധം ചൊവ്വാഴ്ചയെ പുന:സ്ഥാപിക്കാനാകൂ. എലാങ്കോട് വൈദ്യർ പീടിക ഭാഗത്തും കാറ്റ് ആഞ്ഞുവീശിയതോടെ 5 ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു. ചിലയിടങ്ങളിലും പോസ്റ്റ് തകർന്ന് വീണിട്ടുണ്ട്.

ആകെ 10 ഹൈടെൻഷൻ പോസ്റ്റുകളും 8 ലോവർ ടെൻഷൻ പോസ്റ്റും തകർന്നിട്ടുണ്ട്. അസി.എഞ്ചിനീയർ ആർ. ശ്രീകുമാർ, സബ്ബ് എഞ്ചിനീയർ ടി.ബി ബിനീഷ് കുമാർ, ഓവർസിയർ കെ.സി വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തകർന്ന പോസ്റ്റുകൾ മാറ്റുന്നതടക്കമുള്ള പ്രവർത്തികൾ നടക്കുന്നത്.

വടക്കേപന്ന്യന്നൂരിലെ ഗോവിന്ദത്തിൽ കണ്ടോത്ത് ഷീജ, കണ്ടോത്ത് താഴെക്കുനിയിൽ സതി എന്നിവരുടെ വീടുകളിൽ തെങ്ങ് പൊട്ടിവീണ് നാശനഷ്ടമുണ്ടായി.

പന്ന്യന്നൂരിലെ മൃഗാശുപത്രി കെട്ടിടത്തിന് മുകളിലും തെങ്ങ് പൊട്ടിവീണ് നാശനഷ്ടമുണ്ടായി. നാശനഷ്ടമുണ്ടായ വീടുകൾ വാർഡംഗം സ്മിതാ സജിത്ത്, സി പി എം നേതാക്കളായ കെ. മനോഹരൻ, എൻ.പി രാജൻ, വി.എം ബാബു, സി. പവിത്രൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

അരയാക്കൂലിൽ നിർത്തിയിട്ട കാറിന് മുകളിലും തെങ്ങ് പൊട്ടിവീണു. KL 58 M 2662 നമ്പർ കാർ പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116627/pannor)