---
title: "അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിൽ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം"
english_title: "Ayyankunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116883/ayyankunnu"
published_at: "2023-05-24T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646dfeb70b0a2_Screenshot_2023-05-24-17-36-39-53_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റിയിൽ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം

> **Lead Summary:** **ഉരുപ്പും കുറ്റി**: അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി മേഖലയിൽ കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം. ഏകദേശം ആയിരത്തോളം വാഴകളും റബർ കശുമാവ് തെങ്ങ് മറ്റു മരങ്ങളും കടപുഴകി വീണ് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ മേഖലയിൽ സംഭവിച്ചിരിക്കുന്നത് .

## Article Content

**ഉരുപ്പും കുറ്റി**: അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി മേഖലയിൽ കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം. ഏകദേശം ആയിരത്തോളം വാഴകളും റബർ കശുമാവ് തെങ്ങ് മറ്റു മരങ്ങളും കടപുഴകി വീണ് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ മേഖലയിൽ സംഭവിച്ചിരിക്കുന്നത് .

ഉരുപ്പുംകുറ്റിയിലെ പുതിയേടത്ത് ജെയ്മോൻ , കരിപ്പേരി ഷിബു എന്നിവർ പള്ളിഏമ്പിൽ നന്ദിനിയിൽ നിന്നും പാട്ടത്തിന് എടുത്ത് കൃഷി ചെയ്തുവന്ന രണ്ടേക്കർ സ്ഥലത്തെ കുലക്കാറായ 600 ഓളം വാഴകളാണ് ഇന്നലത്തെ മഴയിലും കാറ്റിലും നഷ്ടമായിരിക്കുന്നത്. കിലോമീറ്ററുകൾ ദൂരത്തിൽ നിന്നും പൈപ്പിലൂടെ വെള്ളമെത്തിച്ചാണ് ഇവർ കൃഷി നടത്തി വന്നിരുന്നത്. കൃഷി ചെയ്‌ത 900 വാഴകളിൽ 600 വാഴകൾ നശിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരിക്കുകയാണ് യുവകർഷകർ.

ഉരുപ്പുംകുറ്റിയിലെ തന്നെ കുന്നംകോട്ട് ചാക്കോയുടെ 15 ഓളം റബ്ബർ മരങ്ങളാണ് പൊട്ടിവീണത്. ആഞ്ഞിലിവേലിൽ കുഞ്ഞുമോന്റെ 100 ഓളം കുലച്ച ഏത്ത വാഴകൾനശിച്ചു. ഉരുപ്പുംകുറ്റി ഏഴാംകടവിലെ ജോസഫ് വെള്ളാട്ടുകുഴിയുടെ 4.50 ഏക്കർ വരുന്ന തോട്ടത്തിലെ150 ഓളം റബ്ബർ മരങ്ങളും കാറ്റിൽ തകർന്ന് വീണ് ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത് .

ഈന്തുംകരിയിലെ മാവേലിൽ സുകുമാരന്റെ വീടിന് മുകളിൽ തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു. എംഎൽഎ സണ്ണി ജോസഫ്, പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളികുന്നേൽ, വാർഡ് മെമ്പർ എവൺ ജോസ്, കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ. മനോജ് എം കണ്ടത്തിൽ, ഷാജി മടയംകുന്നേൽ എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116883/ayyankunnu)