---
title: "വയനാട് മെഡിക്കല്‍ കോളേജിന് പുതുജീവന്‍ നല്‍കാന്‍ സങ്കട സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്."
english_title: "Youth Congress is on the scene with a grief strike to give a new lease of life to Wayanad Medical College. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116907/youth-congress-is-on-the-scene-with-a-grief-strike-to-give-a-new-lease-of-life-to-wayanad-medical-college"
published_at: "2023-05-24T20:03:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646e205d78a8b_gvbijknl.jpg"
keywords: []
---

# വയനാട് മെഡിക്കല്‍ കോളേജിന് പുതുജീവന്‍ നല്‍കാന്‍ സങ്കട സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

> **Lead Summary:** **മാനന്തവാടി: **അത്യാവശ്യ മരുന്നോ, ലാബ് ടെസ്റ്റുകളോ, സ്‌കാനിംഗ് അടക്കമുള്ള സേവനങ്ങളോ നല്‍കാന്‍ കഴിയാതെ അത്യാസന്ന നിലയില്‍ കഴിയുന്ന വയനാട് മെഡിക്കല്‍ കോളേജിന് പുതുജീവന്‍ നല്‍കാന്‍ സങ്കട സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

## Article Content

**മാനന്തവാടി: **അത്യാവശ്യ മരുന്നോ, ലാബ് ടെസ്റ്റുകളോ, സ്‌കാനിംഗ് അടക്കമുള്ള സേവനങ്ങളോ നല്‍കാന്‍ കഴിയാതെ അത്യാസന്ന നിലയില്‍ കഴിയുന്ന വയനാട് മെഡിക്കല്‍ കോളേജിന് പുതുജീവന്‍ നല്‍കാന്‍ സങ്കട സമരവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.

മെഡിക്കല്‍ കോളേജില്‍ നിരന്തരമുയരുന്ന ആക്ഷേപങ്ങളെ കുറിച്ച്  നേരിട്ടറിയാന്‍ ലാബ്, ഫാര്‍മസി, ബില്ലടക്കുന്ന സ്ഥലം,അത്യാഹിത വിഭാഗം മുതലായവ സന്ദര്‍ശിച്ച ശേഷം വിവിധ രോഗികളുമായി  സംവദിക്കുകയും അവര്‍ നേരിട്ട വിഷമതകള്‍  ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനുമാണ് യൂത്ത് കോണ്‍ഗ്രസ് സങ്കട സമരം നടത്തിയത്.പ്രസ്തുത പ്രതിസന്ധികള്‍ക്ക് വേഗം തന്നെ പരിഹാരം കാണണമെന്നാവശ്യപ്പെട്ടു  കൊണ്ട് മെഡിക്കല്‍ കോളേജ്‌സൂ പ്രണ്ട് ഓഫീസിലേക്ക് പ്രവേശിച്ച് സങ്കട ഹര്‍ജി ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ  ചര്‍ച്ചകള്‍ക്കൊടുവില്‍ അനുകൂല തീരുമാനങ്ങള്‍ നേടിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

മെഡിക്കല്‍ കോളേജ് ലാബില്‍ അടിസ്ഥാനപരമായി ലഭിക്കേണ്ട എണ്‍പത്തി അഞ്ച് ശതമാനം ടെസ്റ്റുകളും സ്വകാര്യ മേഖലയിലേക്ക് പറഞ്ഞു വിടുന്നതായും, മൂന്നും നാലും മണിക്കൂര്‍ ക്യൂ നിന്ന് ഡോക്ടറെ കണ്ട് എഴുതി തരുന്ന കുറിപ്പുമായി മെഡിക്കല്‍ സ്റ്റോറിലെത്തുമ്പോള്‍ മരുന്നില്ലായെന്ന മറുപടിയും സിടി സ്‌കാന്‍ ഇല്ലായെന്നുള്ള മറുപടിയും വയനാടന്‍ ജനതയെ തെല്ലെന്നുമല്ല വട്ടം കറക്കുന്നത് ഇത് വെച്ചു പൊറുപിക്കാന്‍ കഴിയില്ലായെന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസിനുള്ളതെന്ന് നേതാക്കള്‍ പറഞ്ഞു.

മണിക്കൂറുകള്‍ക്കൊടുവില്‍ പട്ടിക വര്‍ഗ രോഗികളുടെ വിഷയമായ സിടി സ്‌കാന്‍ മാനന്തവാടിയില്‍ തന്നെ ഉറപ്പു വരുത്താമെന്നും,ശനിയാഴ്ച്ചക്കകം ഹൃദ്രോഗ സംബന്ധമായ മുഴുവന്‍ ടെസ്റ്റുകളും ലാബില്‍ സാധ്യമാക്കാമെന്നും,മെഡിക്കല്‍ സ്റ്റോര്‍ പതിനഞ്ച് ദിവസത്തിനകം കാര്യക്ഷമമാക്കാമെന്നും,എന്‍ ഐ സി യു വിന്റെ പ്രവര്‍ത്തനം ഒരു മാസത്തിനകം പൊതു ജനങ്ങള്‍ക്ക് തുറന്നു നല്‍കാമെന്നും,പേ വാര്‍ഡ് പതിനഞ്ച് ദിവസത്തിനകം തുറന്നു കൊടുക്കാമെന്നും ഉറപ്പു നല്‍കിയതിന്റെ  അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിച്ചു. കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു സൂപ്രണ്ട് ഓഫീസും പരിസരവും.

സമരത്തിന് ഡിസിസി ജനറല്‍ സെക്രട്ടറി എ.എം.നിശാന്ത്,യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് വാളാട്,ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എച്ച്.സുഹൈര്‍,എ.ബിജി,എല്‍ബിന്‍ മാത്യു,വി.സി.വിനീഷ്,നിയോജക മണ്ഡലം പ്രസിഡണ്ട് ബൈജു പുത്തന്‍പുരക്കല്‍,വൈസ് പ്രസിഡണ്ട് ഷംസീര്‍ അരണപ്പാറ,മണ്ഡലം പ്രസിഡണ്ടുമാരായ റോബിന്‍ ഇലവുങ്കല്‍,ഷിന്റോ കല്ലിങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചര്‍ച്ചയ്ക്ക് സൂപ്രണ്ട് ഡോ.രാജേഷ്,ആര്‍ എം ഒ ഡോ.അര്‍ജുന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ ഷോബിന്‍ എ എസ് ഐ നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116907/youth-congress-is-on-the-scene-with-a-grief-strike-to-give-a-new-lease-of-life-to-wayanad-medical-college)