---
title: "സർച്ചാർജ് 40 പൈസവരെ വേണമെന്ന് വൈദ്യുതിബോർഡ്; കമ്മിഷൻ നിർദേശിച്ചത് 20 പൈസ, തീരുമാനം ഉടൻ "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/116962/kseb"
published_at: "2023-05-25T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646ebfab4de58_IMG-20230525-WA0002.jpg"
keywords: []
---

# സർച്ചാർജ് 40 പൈസവരെ വേണമെന്ന് വൈദ്യുതിബോർഡ്; കമ്മിഷൻ നിർദേശിച്ചത് 20 പൈസ, തീരുമാനം ഉടൻ 

> **Lead Summary:** **തിരുവനന്തപുരം**: വൈദ്യുതിക്ക് മാസംതോറും 40 പൈസ സർച്ചാർജ് ഈടാക്കാൻ അനുവദിക്കണമെന്ന് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ വൈദ്യുതിബോർഡ്. സർച്ചാർജ് ചുമത്താൻ വൈദ്യുതിബോർഡിന് അനുവാദം നൽകുന്ന കരട് ചട്ടങ്ങളിൽ റെഗുലേറ്ററി കമ്മിഷൻ തെളിവെടുത്തു. കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസം പരമാവധി 20 പൈസവരെ ബോർഡിന് സ്വമേധയാ സർച്ചാർജ് ഈടാക്കാമെന്നാണ് കമ്മിഷൻ തയ്യാറാക്കിയ ചട്ടത്തിൽ. ഇത് ഉയർത്തണമെന്നാണ് ആവശ്യം.

## Article Content

**തിരുവനന്തപുരം**: വൈദ്യുതിക്ക് മാസംതോറും 40 പൈസ സർച്ചാർജ് ഈടാക്കാൻ അനുവദിക്കണമെന്ന് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ വൈദ്യുതിബോർഡ്. സർച്ചാർജ് ചുമത്താൻ വൈദ്യുതിബോർഡിന് അനുവാദം നൽകുന്ന കരട് ചട്ടങ്ങളിൽ റെഗുലേറ്ററി കമ്മിഷൻ തെളിവെടുത്തു. കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസം പരമാവധി 20 പൈസവരെ ബോർഡിന് സ്വമേധയാ സർച്ചാർജ് ഈടാക്കാമെന്നാണ് കമ്മിഷൻ തയ്യാറാക്കിയ ചട്ടത്തിൽ. ഇത് ഉയർത്തണമെന്നാണ് ആവശ്യം.

സർച്ചാർജിന് കേന്ദ്രനിർദേശങ്ങളിൽ പരിധി നിശ്ചയിച്ചിട്ടില്ലെന്നും കേന്ദ്രനിലയങ്ങൾ ഉൾപ്പെടെ വൈദ്യുതിവില ഉയർത്താൻ തയ്യാറാകുകയാണെന്നും ബോർഡ് വാദിച്ചു. മറ്റു സംസ്ഥാനങ്ങളിലും 20 പൈസ എന്ന പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യത്തെ കേരളവുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു. അംഗങ്ങളായ ബി. പ്രദീപ്, അഡ്വ. എ.ജെ. വിൽസൺ എന്നിവരാണ് തെളിവെടുപ്പിൽ പങ്കെടുത്തത്. കേന്ദ്രനിർദേശപ്രകാരമാണ് കേരളത്തിലും ഇത് നടപ്പാക്കുന്നത്. നിലവിൽ സർച്ചാർജ് ഈടാക്കണമെങ്കിൽ മൂന്നുമാസത്തിലൊരിക്കൽ ബോർഡ് അപേക്ഷ നൽകണം. കമ്മിഷൻ അതിൽ തെളിവെടുപ്പ് നടത്തി തീരുമാനിക്കും. ഇനിമുതൽ സർച്ചാർജ് ബോർഡിന് സ്വമേധയാ ഈടാക്കാം. വർഷത്തിലൊരിക്കൽ കമ്മിഷനെ അറിയിച്ച് അംഗീകാരം നേടിയാൽമതി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/116962/kseb)