---
title: "  പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരേ കർശന  നടപടിയുമായി എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്  "
english_title: "Strict action was taken against littering in public places "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117172/strict-action-was-taken-against-littering-in-public-places"
published_at: "2023-05-26T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6470128650eb7_IMG-20230526-WA0001.jpg"
keywords: []
---

#   പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരേ കർശന  നടപടിയുമായി എരമം-കുറ്റൂർ ഗ്രാമപഞ്ചായത്ത്  

> **Lead Summary:** മാതമംഗലം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എരമം-കുറ്റൂർ പഞ്ചായത്ത് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരേ നടപടി കർശനമാക്കി. കഴിഞ്ഞദിവസം വെള്ളോറ അനിക്കംപാറയിൽ മാലിന്യക്കൂമ്പാരം കണ്ടെത്തിയ നാട്ടുകാർ പഞ്ചായത്തിൽ വിവരം അറിയിക്കുകയും പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ ഷൈനി ബിജേഷ്, അസി. സെക്രട്ടറി എ.കെ. വേണുഗോപാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ടി. ജയപ്രകാശ്, പി. പ്രതീഷ്, വി.ഇ.ഒ. ബേബി ജിഷ, ഡ്രൈവർ എം. സന്തോഷ് എന്നിവരടങ്ങിയ സംഘം പരിശോധിക്കുകയും ചെയ്തു.

## Article Content

മാതമംഗലം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എരമം-കുറ്റൂർ പഞ്ചായത്ത് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിനെതിരേ നടപടി കർശനമാക്കി. കഴിഞ്ഞദിവസം വെള്ളോറ അനിക്കംപാറയിൽ മാലിന്യക്കൂമ്പാരം കണ്ടെത്തിയ നാട്ടുകാർ പഞ്ചായത്തിൽ വിവരം അറിയിക്കുകയും പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ ഷൈനി ബിജേഷ്, അസി. സെക്രട്ടറി എ.കെ. വേണുഗോപാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ടി. ജയപ്രകാശ്, പി. പ്രതീഷ്, വി.ഇ.ഒ. ബേബി ജിഷ, ഡ്രൈവർ എം. സന്തോഷ് എന്നിവരടങ്ങിയ സംഘം പരിശോധിക്കുകയും ചെയ്തു.

മാലിന്യം പഴയങ്ങാടിയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞു.. മാലിന്യം തള്ളിയ അബ്ദുൾ മനാഫ് എന്നയാളിൽനിന്ന്‌ 50,000 രൂപ പിഴ ഈടാക്കി. മാലിന്യം തള്ളിയയാൾ മാലിന്യം സംസ്കരിക്കാമെന്ന് ഉറപ്പുനൽകി. തുടർപരിശോധയിൽ മാലിന്യം അശാസ്ത്രീയമായി കൈകാര്യം ചെയ്ത സ്ഥാപനങ്ങളെ തിരിച്ചറിയുന്നപക്ഷം പ്രസ്തുത സ്ഥാപനങ്ങളിൽനിന്നുകൂടി പിഴ ഈടാക്കുമെന്ന് അസി. സെക്രട്ടറി എ.കെ. വേണുഗോപാൽ അറിയിച്ചു.

പഞ്ചായത്ത് പ്രദേശത്ത് മാലിന്യം തള്ളുന്നവരെ പൊതുജനപങ്കാളിത്തത്തോടെ കണ്ടെത്തുന്നതിന് വിവിധ സ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഏപ്രിൽ, മേയ് മാസങ്ങളിലായി ശുചിത്വ സ്ക്വാഡിന്റെ പരിശോധയിൽ അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്ത ക്വാർട്ടേഴ്സുകൾ, സ്ഥാപനങ്ങൾ, വീട്ടുടമസ്ഥർ എന്നിവരിൽനിന്നായി ഒരുലക്ഷത്തി ആറായിരം രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

ശുചിത്വപ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ തോടുകളും ഇതിനകം ശുചീകരിച്ചു. ഇനിയും മാലിന്യം വലിച്ചെറിഞ്ഞ് തോടുകൾ, തെരുവോരങ്ങൾ വൃത്തിഹീനമാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ്‌ ടി.ആർ. രാമചന്ദ്രൻ അറിയിച്ചു. എല്ലാ വാർഡുകളിലും ശുചിത്വ ഗ്രാമസഭ ചേരുകയും കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

മാലിന്യസംസ്കരണ പരിപാടികളുമായി സഹകരിക്കാത്ത വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ്‌ അറിയിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിക്കാതെ പകർച്ചവ്യാധിക്ക് കാരണമാകുംവധം പ്രവർത്തിക്കുന്നവർക്കെതിരെ പൊതുജനാരോഗ്യം-പഞ്ചായത്ത് രാജ് നിയമപ്രകാരം നടപടികൾക്ക് ശുപാർശ ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117172/strict-action-was-taken-against-littering-in-public-places)