---
title: "സിദ്ദിഖ് കൊലപാതകം: ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ് "
english_title: "Siddique's murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117464/siddiques-murder"
published_at: "2023-05-27T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471a98c06b84_Screenshot_2023-05-27-12-21-02-12_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# സിദ്ദിഖ് കൊലപാതകം: ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ് 

> **Lead Summary:** **മലപ്പുറം**: തിരൂർ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

## Article Content

**മലപ്പുറം**: തിരൂർ സ്വദേശിയായ ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവം ഹണി ട്രാപ്പെന്ന് പൊലീസ്. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കിയാണ് സിദ്ധിഖിനെ ഹോട്ടലിലേക്ക് എത്തിച്ചത്. മെയ് 18 ന് ഹോട്ടലിലെത്തിയ സിദ്ധിഖിനെ കൊലപ്പെടുത്തുകയായിരുന്നു. സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിൽ മൂന്ന് പേർക്കും പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

മലപ്പുറം എസ് പി സുജിത് ദാസാണ് വിവരങ്ങൾ പുറത്തുവിട്ടത്. പൊലീസ് തുടക്കം മുതൽ ഹണി ട്രാപ്പ് കൊലപാതകമെന്ന് സംശയിച്ചത് ശരിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി മലപ്പുറത്ത് എത്തിച്ചത് മുതൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. സിദ്ധിഖിനെ ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു ഷിബിലിയുടെയും ഫർഹാനയുടെയും ആഷിഖിന്റെയും പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

മുറിയിൽ വെച്ച് നഗ്നനാക്കി ഫോട്ടോയെടുക്കാൻ ശ്രമിച്ചപ്പോൾ തർക്കമുണ്ടായി. ഇതിനിടയിൽ മൂന്ന് പേരും താഴെ വീണു. ഈ സമയത്ത് ഫർഹാനയുടെ കൈയ്യിലെ ചുറ്റിക ഉപയോഗിച്ച് ഷിബിലി സിദ്ധിഖിന്റെ തലയ്ക്ക് ആഞ്ഞടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആഷിഖ് ഈ സമയത്ത് സിദ്ധിഖിന്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. വാരിയെല്ലുകൾ തകർന്നു. ശ്വാസകോശം മുറിവേൽക്കുകയും ചെയ്തു. സിദ്ധിഖ് മരിച്ച ശേഷം പ്രതികൾ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങി.

എന്നാൽ മൃതദേഹം ഒരു ബാഗിൽ ഒതുങ്ങിയില്ല. തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു. പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117464/siddiques-murder)