---
title: "കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനാവശ്യമായ എള്ളെണ്ണയുമായി ഭക്തസംഘം കൊട്ടിയൂരിലെത്തി "
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117508/kottiyoor"
published_at: "2023-05-27T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471d4c556e59_IMG-20230527-WA0041.jpg"
keywords: []
---

# കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനാവശ്യമായ എള്ളെണ്ണയുമായി ഭക്തസംഘം കൊട്ടിയൂരിലെത്തി 

> **Lead Summary:** **കൊട്ടിയൂർ**: വൈശാഖ മഹോത്സവത്തിനാവശ്യമായ എള്ളെണ്ണയുമായി ഭക്തസംഘം കൊട്ടിയൂരിലെത്തി. കൂത്തുപറമ്പിനടുത്ത പടുവിലായി കിള്യാേട് തറവാട്ടിൽ നിന്നുള്ള ഇരുപതോളം പേരടങ്ങുന്ന സംഘമാണ് കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്.

## Article Content

**കൊട്ടിയൂർ**: വൈശാഖ മഹോത്സവത്തിനാവശ്യമായ എള്ളെണ്ണയുമായി ഭക്തസംഘം കൊട്ടിയൂരിലെത്തി. കൂത്തുപറമ്പിനടുത്ത പടുവിലായി കിള്യാേട് തറവാട്ടിൽ നിന്നുള്ള ഇരുപതോളം പേരടങ്ങുന്ന സംഘമാണ് കൊട്ടിയൂരിലേക്ക് യാത്ര തിരിച്ചത്.

വാണിയ സമുദായത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പടുവിലായി കിള്യാേട് തറവാട്ടിൽ നിന്നാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനാവശ്യമായ എള്ളെണ്ണ നല്കിയിരുന്നതെന്നും എന്നാൽ ഏതാണ്ട് 95 വർഷത്തോളമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നെനും ഇവർ പറഞ്ഞു. കഴിഞ്ഞ വർഷം മുതലാണ് വിപുലമായ രീതിയിൽ എണ്ണസമർപ്പണം പുനരാരംഭിച്ചത്. കിള്ളിയോട്ട് തറവാട്ടിലെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഒരു ട്രസ്റ്റ് രൂപീകരിക്കുകയും ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എള്ളെണ്ണ സമർപ്പണം വീണ്ടും ആരംഭിക്കുകയുമാണ് ചെയ്തിരിക്കുന്നത്.

ഈ വർഷം 40 ടിൻ എള്ളെണ്ണയാണ് സമർപ്പിക്കുന്നത്. ശുദ്ധമായ എണ്ണ ആട്ടിയെടുക്കുന്നതിനായി തറവാട് ആരൂടത്തിനടുത്തായി ഒരു ചക്കാല പണിതിട്ടുണ്ട്. അടുത്തവർഷം മുതൽ ഇവിടെനിന്നും ചക്കിൽ ആട്ടിയ എണ്ണ കൊണ്ടുപോവാനാണ് ആഗ്രഹിക്കുന്നതെന്ന് കുടുംബാഗം രവീന്ദ്രൻ കണ്ണോത്ത് അറിയിച്ചു. എണ്ണ സമർപ്പണത്തോടനുബന്ധിച്ച് അഞ്ചു തലമുറകളിലെ കുടുംബാംഗങ്ങളാണ് കിള്ളിയോട് തറവാട്ടിൽ ഒത്തുച്ചേർന്നത്. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് തറവാട് ആരൂടത്തിൽ നിന്നും കൊട്ടിയുരെത്തിയത്. ഫൗണ്ടർ ട്രസ്റ്റി മാരായ കൃഷ്ണൻ, കിള്ളിയോട്ട് സദാനന്ദൻ, പൂക്കോട്ട് രാമൻ, കിള്ളിയോട്ട് ജനാർദനൻ തുടങ്ങിയവരാണ് സംഘതലവന്മാർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117508/kottiyoor)