---
title: "സാരെ ജഹാന്‍ സെ അച്ഛായുടെ രചയിതാവ് സിലബസിന് പുറത്തേക്ക്; ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രമേയം പാസാക്കി"
english_title: "Delhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117512/delhi"
published_at: "2023-05-27T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471d7a7acf0d_IMG-20230527-WA0046.jpg"
keywords: []
---

# സാരെ ജഹാന്‍ സെ അച്ഛായുടെ രചയിതാവ് സിലബസിന് പുറത്തേക്ക്; ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രമേയം പാസാക്കി

> **Lead Summary:** **ന്യൂഡല്‍ഹി**: സാരെ ജഹാന്‍ സെ അച്ഛായുടെ രചയിതാവ് അല്ലാമ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ തീരുമാനം. ഒഴിവാക്കുന്നതില്‍ തീരുമാനമെടുത്തുകൊണ്ട് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ വെള്ളിയാഴ്ച പ്രമേയം പാസാക്കിയതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള മോഡേണ്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പാഠഭാഗമാണ് ഒഴിവാക്കിയത്.

## Article Content

**ന്യൂഡല്‍ഹി**: സാരെ ജഹാന്‍ സെ അച്ഛായുടെ രചയിതാവ് അല്ലാമ മുഹമ്മദ് ഇഖ്ബാലിനെക്കുറിച്ചുള്ള പാഠഭാഗം പൊളിറ്റിക്കല്‍ സയന്‍സ് സിലബസില്‍ നിന്ന് നീക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ തീരുമാനം. ഒഴിവാക്കുന്നതില്‍ തീരുമാനമെടുത്തുകൊണ്ട് സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ വെള്ളിയാഴ്ച പ്രമേയം പാസാക്കിയതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. ബി.എ. പൊളിറ്റിക്കല്‍ സയന്‍സ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള മോഡേണ്‍ പൊളിറ്റിക്കല്‍ തോട്ട് എന്ന പാഠഭാഗമാണ് ഒഴിവാക്കിയത്.

അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പരിഗണിക്കും. എക്‌സിക്യൂട്ടീവ് കൗണ്‍സിലാണ് ഇക്കാര്യത്തില്‍ അവസാനതീരുമാനം എടുക്കേണ്ടത്. ‘ഇക്ബാല്‍: കമ്മ്യൂണിറ്റി’ എന്ന യൂണിറ്റാണ് അക്കാദമിക് കൗണ്‍സില്‍ പുനഃപരിശോധന നടത്തിയത്. 11 യൂണിറ്റുകളിലായി, പ്രധാന ദാര്‍ശനികരിലൂടെ അവരുടെ ആശയങ്ങള്‍ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അല്ലാമ മുഹമ്മദ് ഇഖ്ബാലിന് പുറമേ, മഹാത്മഗാന്ധി, ബി.ആര്‍. അംബേദ്കര്‍, രാംമോഹന്‍ റോയ്, പണ്ഡിത രമാബായ്, സ്വാമി വിവേകാനന്ദന്‍ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങളായിരുന്നു സിലബസിലുണ്ടായിരുന്നത്. സര്‍വകലാശാലയുടെ നീക്കത്തെ എ.ബി.വി.പി. സ്വാഗതം ചെയ്തു. മുഹമ്മദ് ഇഖ്ബാല്‍ പാകിസ്താന്റെ ദാര്‍ശനിക പിതാവ് എന്നാണ് അറിയപ്പെടുന്നതെന്നും മുസ്ലിം ലീഗിന്റെ നേതാവായി ജിന്നയെ ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും എ.ബി.വി.പി. കുറ്റപ്പെടുത്തി. ജിന്നയെപ്പോലെ തന്നെ ഇന്ത്യയുടെ വിഭജനത്തിന് അല്ലാമ ഇഖ്ബാലും ഉത്തരവാദിയാണെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117512/delhi)