---
title: "പുതിയ അധ്യായന വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിൽ വിദ്യാലയങ്ങൾ"
english_title: "Schools are opening"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117548/schools-are-opening"
published_at: "2023-05-27T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6471faa3bb25f_IMG-20230527-WA0003.jpg"
keywords: []
---

# പുതിയ അധ്യായന വർഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിൽ വിദ്യാലയങ്ങൾ

> **Lead Summary:**  ജൂൺ ഒന്നിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റുകളും , പിടിഎ കമ്മറ്റികളും.

## Article Content

 ജൂൺ ഒന്നിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റുകളും , പിടിഎ കമ്മറ്റികളും.

  ഫസ്റ്റ് ബെല്ലടിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കുട്ടികളെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് വിദ്യാലയങ്ങൾ. പുതിയ ചായങ്ങൾ പൂശിയും , ക്ലാസുകൾ നവീകരിച്ചും കുട്ടികളുടെ മനം കവരാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. അതോടൊപ്പം സ്ക്കൂൾ പരിസരങ്ങളിലെ ശുചീകരണം, പാർക്ക് നിർമ്മാണം, സൗന്ദര്യ വത്ക്കരണം എന്നിവയും നടന്നു വരുന്നുണ്ട്.

പൊട്ടി പൊളിഞ്ഞ ബെഞ്ചുകളും ചോർന്നൊലിക്കുന്ന കെട്ടിടങ്ങളും പുതിയ തലമുറക്കിപ്പോൾ അന്യമാണ്.

മിക്ക സ്കൂളുകളും ഹൈടെക്ക് നിലവാരത്തിൽ നവീകരിച്ചതോടെ പുതിയകെട്ടിടങ്ങളിലാണ് കുട്ടികൾ പഠിക്കാൻ എത്തുന്നത്. അപൂർവ്വം ചില സ്കൂളുകളിൽ മാത്രമാണ് പഴയ ക്ലാസ് മുറികളും പഴയബെഞ്ചും ഡസ്കും അവശേഷിക്കുന്നത്.

ഇത്തരം സ്ക്കൂളുകളേയും കാലത്തിനനുസരിച്ച് മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റുകൾ. കൂത്തുപറമ്പ് മേഖലയിലെ മിക്ക സ്കൂളുകളിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണുള്ളത്.

മങ്ങാട്ട് വയൽ ഗവ: ഹയർ സെക്കന്റി സ്കൂൾ , തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കന്റി സ്ക്കൂൾ, കെ യുപി സ്ക്കൂൾ, ബി ഇ എം യു പി സ്ക്കൂൾ, പുറക്കളം ഗവ: യു പി സ്ക്കൂൾ എന്നിവയെല്ലാം കുട്ടികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

ഭൗതിക സൗകര്യം വർദ്ധിച്ചതോടെ കുട്ടികളുടെ എണ്ണത്തിലും വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ജൂൺ ഒന്നിന് തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് മിക്ക സ്ക്കൂളുകളും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117548/schools-are-opening)