---
title: "അധ്യാപകരുടെ സ്നേഹവായ്പിൽ കാവുമ്പായിയിൽ 3 വിദ്യാർത്ഥികൾക്ക് വീടൊരുങ്ങി."
english_title: "Houses were prepared for 3 students in Kaumpai due to the love of teachers. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117678/houses-were-prepared-for-3-students-in-kaumpai-due-to-the-love-of-teachers"
published_at: "2023-05-28T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647303e9350ad_IMG-20230528-WA0011.jpg"
keywords: []
---

# അധ്യാപകരുടെ സ്നേഹവായ്പിൽ കാവുമ്പായിയിൽ 3 വിദ്യാർത്ഥികൾക്ക് വീടൊരുങ്ങി.

> **Lead Summary:** കാവുമ്പായി: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുന്ന വീട്ടിൽ നിന്നും സൗകര്യപ്രദമായ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിൻ്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളായ സൽമാനും, മിസ്രിയയും, ഫാത്തിമയും. അതിജീവനത്തിൻ്റെ പുതു പാഠം പകർന്ന അധ്യാപകരുടെ സ്നേഹവായ്പിൽ കാവുമ്പായിയിൽ മൂവർക്കും വീടൊരുങ്ങി. കെ.എസ്.ടി.എ. ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നെടുങ്ങോം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളായ സൽമാനുൽ ഫാരിസ്, ഫാത്തിമ മിസ്രിയ, കാവുമ്പായി എൽ.പി.സ്കൂൾ വിദ്യാർത്ഥി ഫാത്തിമ എന്നിവരുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയത് .

## Article Content

കാവുമ്പായി: അസൗകര്യങ്ങളിൽ വീർപ്പ് മുട്ടുന്ന വീട്ടിൽ നിന്നും സൗകര്യപ്രദമായ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിൻ്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളായ സൽമാനും, മിസ്രിയയും, ഫാത്തിമയും. അതിജീവനത്തിൻ്റെ പുതു പാഠം പകർന്ന അധ്യാപകരുടെ സ്നേഹവായ്പിൽ കാവുമ്പായിയിൽ മൂവർക്കും വീടൊരുങ്ങി. കെ.എസ്.ടി.എ. ഇരിക്കൂർ ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് നെടുങ്ങോം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികളായ സൽമാനുൽ ഫാരിസ്, ഫാത്തിമ മിസ്രിയ, കാവുമ്പായി എൽ.പി.സ്കൂൾ വിദ്യാർത്ഥി ഫാത്തിമ എന്നിവരുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയത് .

കെ.എസ്.ടി.എ.സംസ്ഥാന സമ്മേളനത്തിൻ്റെ തീരുമാനപ്രകാരമാണ് 'കുട്ടിക്കൊരു വീട്' പദ്ധതി വഴി ഉപജില്ലകൾ തോറും വീടുകൾ നിർമ്മിച്ചു നൽകുന്നത്. കാവുമ്പായിലെ ഒറ്റമുറി വീട്ടിൽ ലൈഫ് പദ്ധതിയിൽ വീടിന് അപേക്ഷിച്ച് കാത്തിരിക്കുന്ന കുടുംബത്തിന് സന്തോഷവാർത്തയുമായി കഴിഞ്ഞ സെപ്തംബർ മാസത്തിൽ അധ്യാപകർ എത്തുകയായിരുന്നു. കെ.എസ്.ടി.എ അംഗങ്ങളായ മുഴുവൻ അധ്യാപകരുടേയും പങ്കാളിത്തത്തോടെ ആണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.

കാവുമ്പായിയിൽ വച്ച് നടന്ന ചടങ്ങിൽ മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ.ശ്രീമതി  വീടിൻ്റെ താക്കോൽ ദാനം നിർവ്വഹിച്ചു. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.വി.ഗോപിനാഥ് കുട്ടികൾക്കുള്ള പഠനമുറി ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ.സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.സി.മഹേഷ്, സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.സി.രാഘവൻ, കെ.എസ്.ടി.എ.സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.സി. സുധീർ, സംസ്ഥാന കമ്മറ്റിയംഗം കെ.സി.സുനിൽ, ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ ,കെ.പി.രാധാകൃഷ്ണൻ ,ഇ.വി.തങ്കമണി, എസ്.പി.രമേശൻ, എം.വി.നാരായണൻ, ഇ.കെ.അജിത്കുമാർ, കെ.തങ്കമണി എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ കെ.പി.ശിവപ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പി.വി.ചന്ദ്രൻ അധ്യക്ഷനായി. ഉപജില്ലാ സെക്രട്ടറി സുനിൽ കുമാർ.ടി.വി.ഒ.നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117678/houses-were-prepared-for-3-students-in-kaumpai-due-to-the-love-of-teachers)