---
title: "കിഫയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ റാലിയും, ജനകീയ പൊതുയോഗവും ഇന്ന് വൈകിട്ട് അടയ്ക്കാത്തോട് ടൗണിൽ"
english_title: "KIFA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117687/kifa"
published_at: "2023-05-28T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647311eeb3105_IMG-20230528-WA0027.jpg"
keywords: []
---

# കിഫയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ റാലിയും, ജനകീയ പൊതുയോഗവും ഇന്ന് വൈകിട്ട് അടയ്ക്കാത്തോട് ടൗണിൽ

> **Lead Summary:** **കേളകം**: ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് വളയംചാൽ മുതൽ രാമച്ചി വരെ 14 കിലോമീറ്റർ ദൂരത്തിൽ, ജനവാസ മേഖലകളെ ഉൾപ്പെടുത്തി 50 മീറ്റർ ആയി കണക്കാക്കി വനം വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചതിൽ പ്രതിഷേധിച്ച്, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നു.

## Article Content

**കേളകം**: ആറളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോൺ ചീങ്കണ്ണിപ്പുഴയുടെ തീരത്ത് വളയംചാൽ മുതൽ രാമച്ചി വരെ 14 കിലോമീറ്റർ ദൂരത്തിൽ, ജനവാസ മേഖലകളെ ഉൾപ്പെടുത്തി 50 മീറ്റർ ആയി കണക്കാക്കി വനം വകുപ്പ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ സമർപ്പിച്ചതിൽ പ്രതിഷേധിച്ച്, കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിക്കുന്നു.

ഇന്ന് വൈകിട്ട് നാല് മണിക്ക് അടക്കാത്തോട് മേലെ സിറ്റിയിൽ നിന്നാരംഭിക്കുന്ന റാലി താഴെ സിറ്റി പൊതുയോഗ വേദിയിലേക്ക് എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ കിഫയുടെ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രദേശവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. യോഗത്തിൽ ജനപ്രതിനിധികളുടെ സാന്നിധ്യവും, ഈ വിഷയത്തിലുള്ള അവരുടെ പ്രതികരണങ്ങളും ഉണ്ടായിരിക്കുന്നതാണ്.

ബഫർ സോൺ നിശ്ചയിക്കാൻ ഇരിട്ടിയിൽ കൂടിയ ജനപ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റിയുടെ ശുപാർശയായ സീറോ ബഫർസോൺ എന്ന തീരുമാനത്തെ അട്ടിമറിച്ചു കൊണ്ടാണ് വനം വകുപ്പ് ഈ ശുപാർശ കൊടുത്തിരിക്കുന്നത്. ആയത് തിരുത്തിക്കാൻ വേണ്ട നടപടികൾ ജനപ്രതിനിധികളും ഭരണകൂടവും നിർവഹിക്കണമെന്നും, കമ്മിറ്റി തീരുമാനം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കിഫ ഈ പൊതുയോഗം സംഘടിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117687/kifa)